തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ സിഗ്നൽ സംവിധാനം തകരാറിലായതിനെത്തുട൪ന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി. ഇന്നലെ രാവിലെ ആറോടെയാണ് സിഗ്നൽ സംവിധാനത്തിൽ തകരാ൪ സംഭവിച്ചത്. ഇതിനെ തുട൪ന്ന് മൂന്നര മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ടതും തിരുവനന്തപുരത്തേക്ക് എത്തേണ്ടതുമായ ട്രെയിനുകൾ പലയിടത്തും പിടിച്ചിട്ടു. തകരാ൪ എന്താണെന്നറിയാതെ മണിക്കൂറുകളോളം യാത്രക്കാ൪ ട്രെയിനിനുള്ളിൽ കുടുങ്ങി. രാവിലെ 9.30 ഓടെ സിഗ്നൽ തകരാ൪ പരിഹരിച്ചെങ്കിലും തുട൪ന്നുള്ള ട്രെയിനുകളെല്ലാം വൈകിയാണ് ഓടിയത്.
രാവിലെ 9.30ന് തിരുവനന്തപുരത്ത് എത്തേണ്ട എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് ഉച്ചക്ക് 12 കഴിഞ്ഞാണ് സ്റ്റേഷനിലെത്തിയത്. സെക്രട്ടേറിയറ്റിലും മറ്റ് സ൪ക്കാ൪ ഓഫിസുകളിലും ജോലി ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാ൪ വലഞ്ഞു.
കൊല്ലത്താണ് വഞ്ചിനാട് പിടിച്ചിട്ടത്. തിങ്കളാഴ്ച ആയതിനാൽ സ൪ക്കാ൪ ജീവനക്കാരായ സീസൺ യാത്രക്കാരുടെയും വിദ്യാ൪ഥികളുടെയും വൻ തിരക്കാണ് സ്റ്റേഷനുകളിലുണ്ടായിരുന്നത്. രാവിലെ ആറുമണിക്ക് പുറപ്പെടേണ്ട ഹൈദരാബാദ് എക്സ്പ്രസ് ഒമ്പതുമണിയോടെയാണ് യാത്ര തിരിച്ചത്.
രാവിലെ ആറിന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് 7.10നാണ് പുറപ്പെട്ടത്. ഉച്ചക്ക് 2.20ന് പുറപ്പെടേണ്ട തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി വൈകുന്നേരം മൂന്നിനാണ് പുറപ്പെട്ടത്.
2.30ന് പുറപ്പെടേണ്ട ചെന്നൈ മെയിൽ മൂന്നരക്കാണ് സ്റ്റേഷൻ വിട്ടത്. ഇതിനിടെ ട്രെയിനുകൾ വൈകുമെന്നറിഞ്ഞ് യാത്രക്കാരിൽ പലരും ബസുകളെ ആശ്രയിച്ചു. ഇത് കെ.എസ്.ആ൪.ടി.സി ബസുകളിൽ രൂക്ഷമായ തിരക്കിനും കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.