ഹൈസ്കൂളിലെ ഐ.ടി പരീക്ഷ ഒരു മണിക്കൂറാക്കും; ടി.ടി.സി കോഴ്സ് ഇനി ഡി.എഡ്

തിരുവനന്തപുരം: ടി.ടി.സി കോഴ്സിൻെറ പേര് ഡിപ്ളോമ ഇൻ എജുക്കേഷൻ (ഡി.എഡ്)  എന്നാക്കാനും അടുത്ത അധ്യയനവ൪ഷം മുതൽ  കോഴ്സിന് പുതിയ പാഠ്യപദ്ധതി നടപ്പാക്കാനും തീരുമാനം. നാഷനൽ കൗൺസിൽ ഫോ൪ ടീച്ച൪ എജുക്കേഷൻ (എൻ.സി.ടി.ഇ) നി൪ദേശ പ്രകാരമാണ് പേര് മാറ്റവും  പാഠ്യപദ്ധതി പരിഷ്കരണവും.  വ്യാഴാഴ്ച വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിൻെറ അധ്യക്ഷതയിൽ ചേ൪ന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗം നി൪ദേശങ്ങൾക്ക് അംഗീകാരം നൽകി.
എസ്.സി.ഇ.ആ൪.ടിയുടെ വിഷയവിദഗ്ധ സമിതിയാണ് സിലബസ് പരിഷ്കരിക്കുന്നത്. ഇതിനായി ശിൽപശാലകളും ച൪ച്ചകളും നടത്തിയിരുന്നു. നിലവിൽ എട്ട്, ഒമ്പത്, 10 ക്ളാസുകളിൽ ഒന്നര മണിക്കൂറുള്ള ഐ.ടി പരീക്ഷ ഒരു മണിക്കൂറായി ചുരുക്കാനും തത്ത്വത്തിൽ തീരുമാനിച്ചു. ശ്രീനാരായണ ദ൪ശനങ്ങൾ മുഴുവൻ ക്ളാസുകളിലും അടുത്ത അധ്യയന വ൪ഷം മുതൽ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തും. ചില ക്ളാസുകളിൽ ഇത് നിലവിലുണ്ടെങ്കിലും ഹൈസ്കൂൾ ക്ളാസുകളിൽ ഉൾപ്പെടുത്തിയിരുന്നില്ല. പാഠപുസ്തക അച്ചടി പൂ൪ത്തിയായിട്ടുണ്ടെങ്കിൽ അഡീഷനൽ ബുക്ക്ലെറ്റായി ഇത് പ്രസിദ്ധീകരിച്ച് വിതരണം ചെയ്യും.
മുഴുവൻ ക്ളാസുകളിലും ജീവിത നൈപുണ്യ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിപ്പിക്കാൻ തയാറാക്കിയ പഠനക്കുറിപ്പിന് അംഗീകാരം നൽകി. ലഹരിവിരുദ്ധ സന്ദേശം സംബന്ധിച്ച് അധ്യാപക൪ക്കായി തയാറാക്കിയ കൈപ്പുസ്തകവും അംഗീകരിച്ചു. സ്റ്റുഡൻറ് പൊലീസ് മാന്വലിനും അംഗീകാരം നൽകി.
പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇളങ്കോവൻ, എസ്.സി.ഇ.ആ൪.ടി ഡയറക്ട൪ ഹാഷിം, വൊക്കേഷനൽ ഹയ൪ സെക്കൻഡറി ഡയറക്ട൪ അജിത്, എസ്.എസ്.എ ഡയറക്ട൪ രാജൻ, ഹയ൪സെക്കൻഡറി ജോയൻറ് ഡയറക്ട൪ സാജുദ്ദീൻ, കാസ൪കോട് കേന്ദ്രസ൪വകലാശാലാ രജിസ്ട്രാ൪ പ്രഫ. കെ.എം. അബ്ദുറഷീദ്, കെ.പി. രാമനുണ്ണി, അധ്യാപക സംഘടനാ പ്രതിനിധികളായ ഹരിഗോവിന്ദൻ, സിറിയക് കാവിൽ, ഷാജഹാൻ, എ.കെ. സൈനുദ്ദീൻ, ജെ. ശശി, കെ. വിക്രമൻ നായ൪, ഷാജി പുത്തൂ൪ തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.