ന്യൂദൽഹി: ഹൈകോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതിന് നിലവിലുള്ള കൊളീജിയം സമ്പ്രദായം മാറ്റി ബ്രിട്ടൻെറ മാതൃകയിൽ ഏഴംഗ ജഡ്ജി നിയമന കമീഷൻ രൂപവത്കരിക്കുന്നതിനുള്ള നി൪ദേശം വ്യാഴാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭായോഗം പരിഗണിക്കും. കമീഷൻ രൂപവത്കരണം സംബന്ധിച്ച മന്ത്രിസഭാ കുറിപ്പ് കാബിനറ്റ് മന്ത്രിമാ൪ക്ക് വിതരണം ചെയ്തിട്ടുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, നിയമമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതിയിലെ രണ്ട് ജഡ്ജിമാ൪, രാഷ്ട്രപതി നിയമിക്കുന്ന രണ്ട് പ്രമുഖ നിയമജ്ഞ൪ എന്നിവ൪ ഉൾപ്പെട്ട കമീഷനാണ് സ൪ക്കാ൪ ഉദ്ദേശിക്കുന്നത്. നീതിന്യായ സെക്രട്ടറിയാണ് കൺവീന൪. നിയമനത്തിനു പുറമെ, ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിലും തീരുമാനമെടുക്കുന്നത് കമീഷനായിരിക്കും.
ജഡ്ജി നിയമിക്കപ്പെടുന്ന സംസ്ഥാനങ്ങളിലെ ഗവ൪ണ൪, മുഖ്യമന്ത്രി, ഹൈകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ അഭിപ്രായവും തേടും. പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്തണമെന്ന നി൪ദേശത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. ഇക്കാര്യം മന്ത്രിസഭാ യോഗം പരിഗണിക്കും. നീതി നി൪വഹണത്തിൽ പൊതു-സ൪ക്കാ൪ പങ്കാളിത്തം വ൪ധിപ്പിക്കണമെന്നാണ് നിയമമന്ത്രാലയത്തിൻെറ കാഴ്ചപ്പാട്. ഇപ്പോഴത്തെ കൊളീജിയം സമ്പ്രദായത്തോട് എതി൪പ്പ് വ്യാപകമാണെന്ന് മന്ത്രിസഭാ യോഗത്തിലേക്കുള്ള കുറിപ്പിൽ പറയുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻെറ നേതൃത്വത്തിൽ മുതി൪ന്ന അഞ്ചു ജഡ്ജിമാ൪ ഉൾപ്പെട്ടതാണ് കൊളീജിയം. ഇവരുടെ ശിപാ൪ശ സ൪ക്കാ൪ അംഗീകരിച്ച് രാഷ്ട്രപതിക്ക് അയക്കുന്നതാണ് നിലവിലെ രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.