ന്യൂദൽഹി: മുംബൈ സ്ഫോടനക്കേസിൽ ജയിൽശിക്ഷ അനുഭവിക്കാൻ കുടുതൽ സമയം ആവശ്യപ്പെട്ട് സൈബുന്നിസ കാസിയും മറ്റു രണ്ട് പ്രതികളും സമ൪പ്പിച്ച അപേക്ഷ സുപ്രീംകോടതി തിരസ്കരിച്ചു.
സുപ്രീംകോടതി വിധിക്കെതിരെ സൈബുന്നിസയും മറ്റു നാല് പ്രതികളും സമ൪പ്പിച്ച പുനഃപരിശോധനാ ഹരജികളും സുപ്രീംകോടതി തള്ളി. അതേസമയം, ജയിലിൽ പോകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇതേ കേസിൽ പ്രമുഖ ഹിന്ദി നടൻ സഞ്ജയ് ദത്ത് സമ൪പ്പിച്ച അപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.
കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സൈബുന്നിസ സമ൪പ്പിച്ച ഹരജി രാവിലെ ചീഫ് ജസ്റ്റിസിൻെറ ബെഞ്ച് തള്ളിയതിന് പിറകെയാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമ൪പ്പിച്ച പുനഃപരിശോധനാ ഹരജി മറ്റൊരു ബെഞ്ച് തള്ളിയത്. 70കാരിയും അനാരോഗ്യവതിയുമായ തനിക്ക് കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അൽതമസ് കബീറിൻെറ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെ സൈബുന്നിസ ബോധിപ്പിച്ചത്. തൻെറ ശിക്ഷ ഇളവുചെയ്യാൻ ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും മഹാരാഷ്ട്ര ഗവ൪ണ൪ക്കും സമ൪പ്പിച്ച അപേക്ഷയിൽ തീരുമാനമെടുക്കുന്നതു വരെ സമയം നൽകണമെന്നായിരുന്നു സൈബുന്നിസയുടെ ആവശ്യം. എന്നാൽ, കീഴടങ്ങാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നും ഏപ്രിൽ 18നകംതന്നെ എല്ലാ പ്രതികളും കീഴടങ്ങണമെന്നും വ്യക്തമാക്കി അപേക്ഷ കോടതി തള്ളി. സൈബുന്നിസ കാസിയുടെ പ്രായവും അനാരോഗ്യവും പരിഗണിച്ച് മാപ്പ് നൽകാൻ പ്രസ് കൗൺസിൽ ചെയ൪മാനും മുൻ സുപ്രീംകോടതി ജസ്റ്റിസുമായ മാ൪ക്കണ്ഡേയ കട്ജുവും രാഷ്ട്രപതിക്ക് അപേക്ഷ നൽകിയിരുന്നു. മുംബൈ സ്ഫോടനക്കേസിലെ പ്രതികളുടെ ആയുധം വീട്ടിൽ സൂക്ഷിച്ചുവെന്ന കുറ്റത്തിനാണ് സൈബുന്നിസക്ക് അഞ്ചു വ൪ഷം ജയിൽശിക്ഷ വിധിച്ചത്. പുനഃപരിശോധനാ ഹരജിക്ക് അടിസ്ഥാനമില്ലെന്നും അതിനാൽ, തള്ളുകയാണെന്നും ജസ്റ്റിസുമാരായ പി. സദാശിവം, ബി.എസ്. ചൗഹാൻ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സൈബുന്നിസയുടെതിന് പുറമെ കെ൪സി ബാപുജി അജാനിയ, യൂസുഫ് ഖാൻ, രഞ്ജിത് കുമാ൪ സിങ്, അൽതാഫ് അലി സഈദ് എന്നിവരുടെ പുനഃപരിശോധനാ ഹരജികളാണ് സുപ്രീംകോടതി തള്ളിയത്. സിനിമാ ചിത്രീകരണങ്ങളുള്ളതിനാൽ കീഴടങ്ങാൻ ആറുമാസം സമയം ചോദിച്ച് നടൻ സഞ്ജയ് ദത്ത് സമ൪പ്പിച്ച അപേക്ഷ വിധി പറയുന്നതിനായി കോടതി ബുധനാഴ്ചയിലേക്ക് മാറ്റി. സൈബുന്നിസയുടേതിന് സമാനമായ കുറ്റമാണ് സ്ഫോനക്കേസിലെ പ്രതികളിൽനിന്ന് എ.കെ 56 തോക്ക് വാങ്ങിയ സഞ്ജയ് ദത്തിന് മേലും ചുമത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.