ഫോ൪ട്ടുകൊച്ചി: കാലുകൾക്ക് സ്വാധീനമില്ലാതിരുന്നിട്ടും ജീവിതത്തോട് പടവെട്ടിവന്ന തുരുത്തിയിൽ പരേതനായ സ്രാമ്പിയേക്കൽ സെയ്തിൻെറ മകൻ ഇസ്ഹാഖിനെ (ഇച്ചാക്കു-43) തേടി വൃക്കരോഗത്തിൻെറ രൂപത്തിലാണ് ദുരന്തം വന്നത്. കാലുകൾക്ക് സ്വാധീനമില്ലാതിരുന്ന സമയത്ത് ഈ യുവാവിന് ഇണയായി വന്ന ഭാര്യ സീനത്ത് വൃക്ക നൽകാൻ തയാറാണെങ്കിലും ഭാരിച്ച ശസ്ത്രക്രിയ ചെലവിന് മുന്നിൽ ഈ കുടുംബം പകച്ചു നിൽക്കുകയാണ്.
ട്രൈസൈക്കിളിൽ ചായയും മറ്റും ഉണ്ടാക്കി കൊച്ചി ഹാ൪ബറിലും, ഫോ൪ട്ടുകൊച്ചി ബീച്ചിലും വിൽപ്പന നടത്തിയാണ് ഇച്ചാക്കു കുടുംബം പുല൪ത്തിയിരുന്നത്. ഇതിനിടെ രണ്ടു മക്കളിൽ ഒരാൾക്ക് ഹൃദയശസ്ത്രക്രിയയും നടത്തേണ്ടി വന്നു.
സ്വന്തമായി വീടില്ലാത്ത ഇച്ചാക്കുവും കുടുംബവും തുരുത്തിയിലുള്ള ട്രസ്റ്റ് വക ബിൽഡിങ്ങിലാണ് താമസം. രോഗം മൂ൪ച്ഛിച്ചതിനെ തുട൪ന്ന് കഴിഞ്ഞ ഒരു വ൪ഷത്തിലേറെയായി ഡയാലിസിസ് നടത്തി വരികയാണ്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നെഫ്രോളജി വിഭാഗത്തിലെ ഡോ. മുഹമ്മദ് ഇക്ബാലിൻെറ ചികിത്സയിലാണ്.
കുടുംബത്തിൻെറ ദുരവസ്ഥ കണ്ട് നാട്ടുകാ൪ ചികിത്സാസഹായനിധി രൂപവത്കരിച്ച് പ്രവ൪ത്തനം ആരംഭിച്ചുകഴിഞ്ഞു.
ഡിവിഷൻ കൗൺസിലറും, കൊച്ചി നഗരസഭാ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാനുമായ ടി.കെ. അഷ്റഫ് ,തുരുത്തി ദഅ്വത്തുൽ ഇസ്ലാം ട്രസ്റ്റ് ചെയ൪മാൻ കെ.എ. ഫൈസൽ എന്നിവരാണ് സഹായനിധി രക്ഷാധികാരികൾ. എ. ഇൽയാസ് ചെയ൪മാനും, ഒ.എ. മുഹമ്മദ് ജമാൽ കൺവീനറുമാണ്. ഉദാരമതികളുടെ സഹായം പ്രതീക്ഷിച്ചുകൊണ്ട് ഒ.എ. മുഹമ്മദ് ജമാലിൻെറയും, ഇസ്ഹാഖിൻെറ ഭാര്യ സീനത്തിൻെറയും പേരിൽ കൽവത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 32901375594 എന്ന നമ്പറിൽ ജോയൻറ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.