ആലപ്പുഴ: ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനവുമായി റോഡിലിറങ്ങിയാൽ തലക്കടി. വളവിലും മറവിലും പതുങ്ങിനിന്ന് കോടതി വിധി നടപ്പാക്കുന്നതിൽ അതീവ ജാഗ്രത പുല൪ത്തുന്ന പൊലീസ് അതേ കോടതി തന്നെ പുറപ്പെടുവിച്ച മറ്റൊരു വിധി നടപ്പാക്കുന്നതിൽ ഒട്ടും താൽപ്പര്യം കാണിക്കുന്നില്ല.
ഹെൽമറ്റില്ലാതെ പോകുന്നവനെ പിടികൂടി ശിക്ഷിക്കാൻ വിധി പുറപ്പെടുവിച്ചത് ഹൈകോടതിയാണ്. അതേ കോടതി തന്നെയാണ് പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ ശിക്ഷിക്കാനും വിധി പുറപ്പെടുവിച്ചത്. എന്നാൽ, ഹെൽമറ്റ് വേട്ടയിൽ കാണിക്കുന്ന താൽപ്പര്യം പുകവലിക്കാ൪ക്കെതിരെ പൊലീസ് കാണിക്കുന്നില്ല.
നഗരത്തിലെ സിനിമ തിയറ്ററുകളിൽ ഇപ്പോൾ പുകവലി വ്യാപകമായിരിക്കുകയാണ്. ഒരാളെപോലും ഈ കുറ്റകൃത്യത്തിന് പിടികൂടിയ സംഭവം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടുമില്ല. തിയറ്ററിൽ പുകവലിക്കുന്നവരെ മഫ്തി പൊലീസിനെ നിയോഗിച്ച് പിടികൂടുന്ന പതിവ് മുമ്പുണ്ടായിരുന്നു. ആലപ്പുഴയിലെ തിയറ്ററുകളെ പുകവലിക്കാരിൽനിന്ന് മോചിപ്പിച്ചത് പൊലീസിൻെറ ഈ നടപടിയായിരുന്നു. എന്നാൽ, പൊലീസിന് താൽപ്പര്യം ഹെൽമറ്റ് വേട്ടയിൽ മാത്രമാണെന്ന് പൊതുവെ ആക്ഷേപമുണ്ട്.
സംസ്ഥാനത്ത് പാൻപരാഗ് നിരോധിച്ച കോടതി വിധിയും അറിയാത്ത മട്ടിലാണ് പൊലീസ്. നഗരത്തിലെ നിരവധി കടകളിൽ പാൻപരാഗ് സുലഭമാണ്. അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് സംസ്ഥാനത്തിന് പുറത്തുനിന്നാണ് പാൻപരാഗ് വിൽപ്പനക്കെത്തിക്കുന്നത്. ഇരട്ടി വിലയ്ക്ക് ഇത് വിറ്റഴിക്കുന്നു. വിദ്യാ൪ഥികളും ചെറുപ്പക്കാരും വ്യാപകമായി ഇപ്പോഴും പാൻപരാഗ് ഉപയോഗിക്കുന്നുമുണ്ട്. കോടതി വിധി വന്നിട്ടും ഇതിൻെറ ലഭ്യതക്ക് ഒരു കുറവുമുണ്ടായിട്ടില്ല. കടകളിൽ പരിശോധന നടത്താൻ പൊലീസിന് താൽപ്പര്യവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.