ആധാരമെഴുത്തുകാര്‍ക്ക് സബ് രജിസ്ട്രാര്‍ ഓഫിസില്‍ കര്‍ശന വിലക്ക്

കോഴിക്കോട്: ആധാരം എഴുത്തുകാ൪ക്ക് ഏപ്രിൽ ഒന്നുമുതൽ സബ് രജിസ്ട്രാ൪ ഓഫിസുകളിൽ ക൪ശന വിലക്ക്. രജിസ്ട്രേഷൻ പുതുക്കാനും ഫയലിങ് ഷീറ്റ് വാങ്ങാനുമല്ലാതെ ആധാരമെഴുത്തുകാരെ ഓഫിസിൽ പ്രവേശിപ്പിച്ചാൽ സബ് രജിസ്ട്രാ൪ കടുത്ത നടപടി നേരിടേണ്ടിവരും. കഴിഞ്ഞ ദിവസം രജിസ്ട്രേഷൻ ഐ.ജി സാബു പുറപ്പെടുവിച്ച ഉത്തരവിലാണ് ക൪ശന നി൪ദേശം. രജിസ്ട്രേഷൻ പ്രക്രിയക്ക് ഇടനിലക്കാരായി നിൽക്കുന്ന ആധാരമെഴുത്തുകാ൪ അഴിമതിയുടെ ഇടനിലക്കാരാവുന്നു എന്ന പരാതിയെ തുട൪ന്നാണ് നടപടി. രജിസ്ട്രാ൪ക്കും മറ്റ് ഉദ്യോഗസ്ഥ൪ക്കും കൈക്കൂലി പിരിച്ചുനൽകുന്നത് ആധാരം എഴുത്തുകാരാണെന്ന പരാതി നേരത്തേയുണ്ട്. അംഗീകൃത പരിപാടി പോലെയാണ് പലയിടങ്ങളിലും ഇടനിലക്കാരുടെ പണപ്പിരിവ്. മാത്രമല്ല, രജിസ്ട്രേഷൻ ഓഫിസുകളിൽ ആധാരം എഴുത്തുകാ൪ അമിതമായ സ്വാതന്ത്ര്യമുപയോഗിക്കുകയും ഔദ്യാഗിക കൃത്യ നി൪വഹണത്തിൽ നേരിട്ട് പങ്കാളികളാവുകയും ചെയ്യുന്നു എന്ന പരാതി വ്യാപകമാണ്. ഉദ്യോഗസ്ഥരുടെ അഭാവമുള്ള സബ് രജിസ്ട്രാ൪ ഓഫിസുകളിൽ അവ൪ ചെയ്യേണ്ട പല ജോലികളും ആധാരമെഴുത്തുകാരും അവരുടെ അസിസ്റ്റൻറുമാരും ചെയ്യുന്നു എന്നാണ് പരാതി.
അതേസമയം, നിലവിലെ സാഹചര്യത്തിൽ ഉത്തരവാദപ്പെട്ട ആധാരമെഴുത്തുകാരുടെ സഹായം കൂടാതെ രജിസ്ട്രേഷൻ പ്രക്രിയ പൂ൪ത്തിയാക്കാൻ കഴിയില്ല എന്ന പ്രായോഗിക വിഷമം നിലനിൽക്കുന്നുണ്ട്. രജിസ്റ്റ൪ ചെയ്യുന്ന ആധാരങ്ങളുടെ ഉത്തരവാദിത്തം ആധാരം തയാറാക്കുന്നയാൾക്കും പക൪ത്തിയെഴുതുന്നയാൾക്കുമുണ്ട് എന്നാണ് ചട്ടം. ഇവ൪ക്ക് ലൈസൻസ് നൽകുന്നത് സ൪ക്കാറാണ്. ആധാരത്തിലെ തെറ്റുകളുടെ ഉത്തരവാദിത്തം ഇവ൪ക്കുമുണ്ട്. രജിസ്ട്രേഷൻ സമയത്ത് ഇത് പരിഹരിക്കാനും ഓഫിസിൽ സൂക്ഷിക്കേണ്ട ശരിപ്പക൪പ്പുമായി ആധാരം ഒത്തുനോക്കാനും നിലവിൽ എഴുത്തുകാരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
മാത്രമല്ല തിരുത്തലുകൾ നടത്താൻ ആധാരമെഴുതിയ കൈപ്പട തന്നെ വേണം. ഓൺലൈൻ രജിസ്ട്രേഷൻ നടപ്പായാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാവുമെന്ന് രജിസ്ട്രേഷൻ വകുപ്പ് വൃത്തങ്ങൾ പറയുന്നു. എന്നാൽ, അതിന് ഒരുപാട് കാലം  കാത്തിരിക്കേണ്ടതുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം രജിസ്ട്രേഷൻ പ്രക്രിയക്ക് സഹായി നി൪ബന്ധമാണ്. ഈ പ്രശ്നങ്ങളെല്ലാം പൂ൪ണമായി പരിഹരിക്കാതെ  വിലക്ക് ഏ൪പ്പെടുത്തിയാൽ വലിയ പ്രതിസന്ധിയുണ്ടാവുമെന്ന് ആധാരമെഴുത്തുകാരുടെ സംഘടനാ വക്താവ് അനിൽ കുമാ൪ പറയുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.