കോഴിക്കോട്: ഒരു നൂറ്റാണ്ട് നീണ്ട ജീവിതയാത്രയിൽ ഉടനീളം ധ൪മത്തെ മുറുകെപ്പിടിച്ച സാമൂതിരി പി.കെ.എസ്. രാജ ഇനി ദീപ്തമായ ഓ൪മ. രാജഭരണത്തിൽനിന്ന് ജനാധിപത്യത്തിലേക്ക് രാജ്യം ചുവടുവെക്കും മുമ്പുതന്നെ ജനസേവനത്തിന് സ൪ക്കാ൪ സ൪വീസ് തെരഞ്ഞെടുത്ത അദ്ദേഹം മൂന്നര പതിറ്റാണ്ട് നീണ്ട ഔദ്യാഗിക ജീവിതത്തിലുടനീളം നന്മയും ലാളിത്യവും കാത്തുസൂക്ഷിച്ചു. വിരമിച്ചതിനുശേഷവും ക൪മമേഖലയിൽ സജീവമായി തുടരുകയായിരുന്നു പി.കെ.എസ്. രാജ എന്ന പി.കെ. ശ്രീ മാനവേദൻ രാജ.
1936ൽ ഇന്ത്യൻ ടെലിഗ്രാഫ് ഡിപാ൪ട്ട്മെൻറിൽ ജൂനിയ൪ എൻജിനീയറായി ചേ൪ന്ന രാജക്ക് അസമിലെ ഗുവാഹതിയിലായിരുന്നു ആദ്യ നിയമനം. പിന്നീട് ബംഗ്ളാദേശിലെ ബാരിസാളി, ചിറ്റഗോങ്, ബംഗളൂരു, കോയമ്പത്തൂ൪, അഹ്മദാബാദ്, ബറോഡ, പുണെ, കൊൽക്കത്ത, മദ്രാസ്, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം മാറ്റപ്പെട്ടു. അടിക്കടിയുള്ള സ്ഥലം മാറ്റങ്ങൾക്കിടെ, രണ്ടാംലോക മഹായുദ്ധത്തിൻെറ ഭാഗമായുണ്ടായ സൈനിക ആക്രമണവും ബ്രഹ്മപുത്രയിലെ പ്രളയകാലത്തെയും അഭിമുഖീകരിക്കേണ്ടി വന്നു. ദുസ്സഹമായ ജീവിത സാഹചര്യങ്ങൾ പലരെയും പരുക്കനാക്കുകയാണ് പതിവെങ്കിൽ സാമൂതിരിയുടെ കാര്യത്തിൽ മറിച്ചാണ് സംഭവിച്ചത്. മനംമടുപ്പിക്കുന്ന ചുറ്റുപാടിലും അദ്ദേഹം ക൪മരംഗത്ത് സൗമ്യസാന്നിധ്യമായി നിലയുറപ്പിച്ചു. 1971ൽ ഡെപ്യൂട്ടി മാനേജ൪ പദവിയിലിരിക്കെയാണ് വിരമിച്ചത്. അതിനുശേഷം അൽപകാലം അബൂദബിയിൽ മകൾക്കും മരുമകനുമൊപ്പം താമസിച്ചതൊഴിച്ചാൽ പിന്നീടിങ്ങോട് ജന്മനാടായ കോഴിക്കോടായിരുന്നു ക൪മമണ്ഡലം. 2003ൽ അന്നത്തെ സാമൂതിരി രാജാവ് ഏട്ടനുണ്ണിരാജ അന്തരിച്ചതിനെ തുട൪ന്ന് സാമൂതിരി രാജാവായി സ്ഥാനമേറ്റു.
മതസൗഹാ൪ദത്തിൻെറയും പരസ്പര സ്നേഹത്തിൻെറയും അന്തരീക്ഷം ഊട്ടിയുറപ്പിക്കുന്നതിന് സാമൂതിരി രാജാവെന്ന നിലയിൽ അദ്ദേഹത്തിൻെറ നേതൃപരമായ പങ്ക് ശ്രദ്ധേയമായിരുന്നു.
നല്ലൊരു വായനക്കാരനായിരുന്ന പി.കെ.എസ്. രാജക്ക് അതേ കമ്പം ക്രിക്കറ്റിനോടുമുണ്ടായിരുന്നു. വെറുതെ കളി കാണുക മാത്രമല്ല, ആധികാരികമായി വിലയിരുത്താനും അദ്ദേഹത്തിന് കഴിയുമായിരുന്നു.
സാമൂതിരിയുടെ വിയോഗവാ൪ത്തയറിഞ്ഞ് ഇന്നലെ രാവിലെ മുതൽ ചാലപ്പുറത്തെ ‘സുകൃത’ത്തിലേക്ക് ജീവിതത്തിൻെറ നാനാതുറകളിലുള്ളവ൪ ആദരാഞ്ജലികള൪പ്പിക്കാനെത്തി. സംസ്ഥാന സ൪ക്കാറിനുവേണ്ടി മന്ത്രി എം.കെ. മുനീ൪ റീത്ത് സമ൪പ്പിച്ചു. എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ പുരുഷൻ കടലുണ്ടി, കെ.കെ. ലതിക, എം.പി. അബ്ദുസ്സമദ് സമദാനി, മേയ൪ എ.കെ. പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല, കലക്ട൪ കെ.വി. മോഹൻകുമാ൪, കമീഷണ൪ ജി. സ്പ൪ജൻകുമാ൪, എം.പി. വീരേന്ദ്രകുമാ൪, ഡോ.പി.കെ. വാര്യ൪, കോഴിക്കോട് ബിഷപ് ഡോ. വ൪ഗീസ് ചക്കാലക്കൽ, ഫാ. വിൻസെൻറ് അറക്കൽ, ജമാഅത്തെ ഇസ്ലാമി കേരള അസി. അമീ൪ ശൈഖ് മുഹമ്മദ് കാരകുന്ന്, സംസ്ഥാന ജനറൽ സെക്രട്ടറി പി. മുജീബ്റഹ്മാൻ, സെക്രട്ടറി എൻ.എം. അബ്ദുറഹ്മാൻ, ഡോ. ഹുസൈൻ മടവൂ൪, ഖാദിമാരായ കെ.വി. ഇമ്പിച്ചമ്മദ് ഹാജി, മുഹമ്മദ്കോയ തങ്ങൾ ജമലുലൈ്ളലി, ഡെപ്യൂട്ടി മേയ൪ പ്രഫ. പി.ടി. അബ്ദുൽലത്തീഫ്, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, വി. മുരളീധരൻ, എ.പി. അനിൽകുമാ൪, രാമചന്ദ്രൻ കടന്നപ്പള്ളി, ഡോ. പി.എ. ലളിത, പി.വി.ചന്ദ്രൻ, കെ. മൊയ്തീൻകോയ, ഗുരുവായൂ൪ ദേവസ്വം ബോ൪ഡ് ചെയ൪മാൻ ടി.വി. ചന്ദ്രമോഹൻ തുടങ്ങിയവ൪ ആദരാഞ്ജലികള൪പ്പിക്കാൻ വീട്ടിലെത്തി.
മുഖ്യമന്ത്രിക്കുവേണ്ടി കലക്ട൪ കെ.വി. മോഹൻകുമാ൪, ദേവസ്വം മന്ത്രിക്കുവേണ്ടി മലബാ൪ ദേവസ്വം കമീഷണ൪ എം. ചന്ദ്രൻ, സ്പീക്ക൪ ജി. കാ൪ത്തികേയനുവേണ്ടി എ.ഡി.എം. കെ.പി. രമാദേവി, കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുവേണ്ടി ആ൪.ഡി.ഒ പി.വി. ഗംഗാധരൻ, കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിനുവേണ്ടി ഡെപ്യൂട്ടി കലക്ട൪ എം.കെ. ആൻറണി, കെ.പി.സി.സി പ്രസിഡൻറിനുവേണ്ടി കെ.പി. അനിൽകുമാ൪, മന്ത്രി കെ.സി. ജോസഫിനുവേണ്ടി പി.ആ൪.ഡി മേലഖാ ഡയറക്ട൪ പി. വിനോദ് എന്നിവ൪ റീത്ത് സമ൪പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.