ആലപ്പുഴ: ഹെൽമറ്റ് ധരിക്കാത്തവരെയും മദ്യപിച്ച് വണ്ടി ഓടിക്കുന്നവരെയും പിടികൂടാൻ ജാഗരൂകരാകുന്ന പൊലീസ് മദ്യപിക്കാത്ത വിദ്യാ൪ഥിയെ കായികബലം കൊണ്ട് ജീപ്പിൽകയറ്റി കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ നഷ്ടപ്പെട്ടത് മിടുക്കനായ ഒരു വിദ്യാ൪ഥിയെ മാത്രമല്ല, ഭാവിയിൽ എൻ.സി.സി വിഭാഗത്തിന് വാഗ്ദാനമാകേണ്ട കാര്യശേഷിയുള്ള യുവാവിനെയും. ആലപ്പുഴ കള൪കോട് സനാതനപുരം അഭിലാഷ്ഭവനിൽ അഖിലേഷിൻെറ (20) മരണം നിരപരാധിയായ വിദ്യാ൪ഥിയുടെ വേ൪പാടുണ്ടാക്കിയ കണ്ണീരായി മാറി.
കഴിഞ്ഞ 16 മുതൽ അഖിലേഷ് അനുഭവിച്ചുവരുന്ന വേദന മാറാൻ നാട് പ്രാ൪ഥിച്ചുകൊണ്ടിരിക്കെയാണ് എല്ലാവരെയും ദു$ഖത്തിലാക്കി അഖിലേഷ് തിങ്കളാഴ്ച ലോകത്തോട് വിടപറഞ്ഞത്. ദേശീയപാതയിൽ വണ്ടാനം ഭാഗത്തുവെച്ചാണ് 16ന് അഖിലേഷിനെ പൊലീസ് മദ്യപിച്ചു എന്നാരോപിച്ച് ബലമായി ജീപ്പിൽ കയറ്റിയത്.
എടത്വാ സെൻറ് അലോഷ്യസ് കോളജിലെ ബി.എസ്സി മൂന്നാംവ൪ഷ വിദ്യാ൪ഥിയും കോളജിലെ എൻ.സി.സി അണ്ട൪ ഓഫിസറുമായിരുന്നു അഖിലേഷ്. ബൈക്കിൽ സുഹൃത്തിനെ കാത്തുനിന്ന അഖിലേഷ് മദ്യപിച്ചുവെന്ന് പറഞ്ഞ് എസ്.ഐ ചോദ്യംചെയ്തു. പരസ്യമായ ചോദ്യംചെയ്യലും ബലമായി ജീപ്പിലേക്ക് തള്ളിയിട്ടതുമൊക്കെ അഖിലേഷിന് വേദനയായി മാറി. മാതൃക എൻ.സി.സി കേഡറ്റ് എന്ന നിലയിൽ ജീവിതത്തിൽ അച്ചടക്കം പാലിക്കുന്ന അഖിലേഷിന് പൊലീസിൻെറ കായികമുറ വല്ലാത്ത മാനസികാവസ്ഥയുണ്ടാക്കി.
അഖിലേഷിനെയും കൊണ്ട് എസ്.ഐ സ്റ്റേഷനിലേക്ക് പോയി. താമസിയാതെ അഖിലേഷ് ജീപ്പിൽനിന്ന് വീണു. പൊലീസിൻെറ മ൪ദനം മൂലമാണ് അഖിലേഷിന് അങ്ങനെ സംഭവിച്ചതെന്ന് വീട്ടുകാ൪ ആരോപിക്കുന്നു. അഖിലേഷിൻെറ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥ൪ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും എസ്.എഫ്.ഐ ജില്ലാ പ്രസിഡൻറ് ജയിംസ് സാമുവലും സെക്രട്ടറി ആ൪. രാഹുലും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.