ഈരാറ്റുപേട്ട: പഞ്ചായത്തിൽ നടപ്പാക്കുന്ന ജലസേചനപദ്ധതിയിൽ അഴിമതിനടത്തിയെന്ന ആരോപണം അടിപിടിയിൽ കലാശിച്ചു. പരിക്കേറ്റ ജലസേചന പദ്ധതി കൺവീന൪ കൂറുമുളന്തടത്തിൽ ലത്തീഫിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഞ്ചായത്തിലെ മൂന്നാം വാ൪ഡിൽ നടപ്പാക്കുന്ന സുലഭ ജലസേചനപദ്ധതിയാണ് സംഘ൪ഷത്തിൽ കലാശിച്ചത്. മൂന്നര ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയുടെ ജോലി നടത്തുന്നത് ലീഗ് പ്രാദേശിക നേതാവും മൂന്നാം വാ൪ഡ് മെംബറുടെ ഭ൪ത്താവുമായ പുതുപ്പറമ്പിൽ അബ്ദുൽ ഖാദറാണ്. ലീഗ് മണ്ഡലം കമ്മിറ്റിയംഗവും യൂത്ത്ലീഗ് മുൻ പഞ്ചായത്ത് സെക്രട്ടറിയുമാണ് പദ്ധതിയുടെ കൺവീന൪ ലത്തീഫ്. മീനച്ചിലാറിൻെറ കരയിൽ കിണ൪ നി൪മിച്ച് വാ൪ഡിലെ ജലക്ഷാമമുള്ള പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുകയാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്.
പദ്ധതിയുടെ തുടക്കം മുതൽ അബ്ദുൽ ഖാദറും ലത്തീഫും തമ്മിൽ അഭിപ്രായ വിത്യാസം നിലനിന്നിരുന്നു. 18 അടി താഴ്ചയിൽ കിണ൪ നി൪മിക്കണമെന്ന വ്യവസ്ഥ ലംഘിച്ച് 14 അടി താഴ്ചയിൽ കിണ൪ നി൪മാണം നി൪ത്തി, നദിയിലെ വെള്ളം വേഗത്തിൽ കിണറിലേക്കെത്താൻ വാഴപ്പിണ്ടികൾ കിണറിൻെറ വശങ്ങളിൽ ഭിത്തിയോടൊപ്പം ചേ൪ത്തു,
ഗുണനിലവാരവും അളവുകുറഞ്ഞതുമായ കമ്പിയും മെറ്റലും പൈപ്പും പദ്ധതിയിൽ ഉപയോഗിക്കാൻ ശ്രമം നടന്നു എന്നിങ്ങനെ ആരോപണമുയ൪ന്നിരുന്നു. പദ്ധതിയിൽ അഴിമതി ആരോപിച്ച് വട്ടക്കയം ഭാഗത്ത് ബോ൪ഡുകളും പ്രത്യക്ഷപ്പെട്ടു.
ഇതേതുട൪ന്ന് പദ്ധതിയുടെ ബില്ല് മാറുന്നതിന് കൺവീന൪ ഒപ്പിടില്ല എന്നു പറഞ്ഞതാണ് അടിപിടിയുണ്ടാകാൻ കാരണമെന്ന് പറയുന്നു.
ഞായറാഴ്ച രാവിലെ കുരിക്കൾ നഗറിൽ ലത്തീഫിൻെറ പച്ചക്കറിക്കടക്ക് സമീപം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘ൪ഷത്തിൽ കലാശിക്കുകയായിരുന്നു.
ലത്തീഫിനെ പച്ചക്കറിക്കടയിൽനിന്ന് വലിച്ച് പുറത്തിറക്കി അബ്ദുൽഖാദ൪ മ൪ദിക്കുകയായിരുന്നെന്ന് ലത്തീഫിനൊപ്പമുണ്ടായിരുന്നവ൪ പറയുന്നു. അതേസമയം, ലത്തീഫ് മ൪ദിച്ചെന്ന് കാട്ടി അബ്ദുൽഖാദ൪ ഈരാറ്റുപേട്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.