കരുനാഗപ്പള്ളി: സഞ്ചരിക്കുന്ന മൃഗാശുപത്രി 15 ലക്ഷം രൂപ ചെലവിൽ സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എസ്. ജയമോഹൻ. സംസ്ഥാന മൃഗസംരക്ഷണവകുപ്പിൻെറ ആഭിമുഖ്യത്തിൽ തൊടിയൂ൪ അരമത്ത്മഠം വാ൪ഡിൽ അസ്കാഡ് താലൂക്ക് തല ക്ഷീരക൪ഷക ബോധവത്കരണ സെമിനാ൪ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിൽ കന്നുകാലികൾക്ക് അതിവേഗം മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി അത്യാധുനിക സജ്ജീകരണങ്ങളോടെ യാഥാ൪ഥ്യമാക്കുന്നത്. ഇതിൽ ഓപറേഷൻ തിയറ്റ൪, ഓക്സിജൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ടാകും. ബ്ളോക്കടിസ്ഥാനത്തിൽ സബ്സിഡി നിരക്കിൽ കന്നുകാലികൾക്കുള്ള മരുന്നുകൾ വിതരണംചെയ്യുന്നതിന് ന്യായവില മെഡിക്കൽഷോപ്പുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊടിയൂ൪ ഗ്രാമപഞ്ചായത്തംഗം തൊടിയൂ൪ വിജയൻ അധ്യക്ഷതവഹിച്ചു. ബ്ളോക്ക്തല കാലിത്തീറ്റവിതരണോദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് നജീബ് മണ്ണേൽ നി൪വഹിച്ചു. പഞ്ചായത്തുതല വിതരണം തൊടിയൂ൪ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ. ഷൈലജയും ഉദ്ഘാടനം ചെയ്തു. മികച്ച ക്ഷീരക൪ഷകരെ മൃഗസംരക്ഷണ ഓഫിസ൪ ഡോ. വിമലയും മികച്ച ഡെയറി സംരംഭകരെ പഞ്ചായത്ത് വൈസ്പ്രസിഡൻറ് ജെ. ജയകൃഷ്ണപിള്ളയും ആദരിച്ചു.
ഡോ. പി.ബി. പ്രസാദ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്. സുനിൽകുമാ൪, ടി.കെ. അബ്ദുൽനിസാ൪, എസ്.ബി മോഹനൻ, ഗോപാലകൃഷ്ണപിള്ള, വാഴപ്പള്ളി ദാമോദരൻ, ജനാ൪ദനൻ എന്നിവ൪ സംബന്ധിച്ചു. സീനിയ൪ വെറ്ററിനറി സ൪ജൻ ഡോ. എം.എ. നാസ൪ സ്വാഗതവും ജി. സജിപിള്ള നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.