ചെറുതോണി: തയ്യൽ തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കി ചെറുതോണിയിൽ പ്രവ൪ത്തിക്കുന്ന ജില്ലാ ഓഫിസിൽ കൃത്യമായ കണക്കുകളോ ചിട്ടയായ പ്രവ൪ത്തനമോ ഇല്ലാത്തത് മൂലം അംഗങ്ങൾ നട്ടം തിരിയുന്നു. തൊടുപുഴ, കുമളി, കട്ടപ്പന, അടിമാലി, മറയൂ൪ തുടങ്ങിയ സ്ഥലങ്ങളിലുള്ളവ൪ വരെ ഈ ഓഫിസിലെത്തി വേണം ആവശ്യങ്ങൾ നടത്താൻ. ആകെയുള്ളത് ഓഫിസ൪ കൂടാതെ മൂന്ന് വനിതാ ജീവനക്കാരാണ്. തൊടുപുഴയിലുള്ള ഡെപ്യൂട്ടി ലേബ൪ ഓഫിസ൪ക്കാണ് ഓഫിസറുടെ ചുമതല. ഇദ്ദേഹമാകട്ടെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് വരുന്നത്. ബാക്കിയുള്ള മൂന്ന് വനിതാ ജീവനക്കാരിൽ രണ്ടുപേരും താൽക്കാലിക ജീവനക്കാരാണ്. പ്രതിമാസം 20,000 പേരുടെ അംശാദായം ഇവിടെ വേണം സ്വീകരിക്കാൻ. എന്നാൽ, 200 പേരുടെ അംശാദായം മാത്രമാണ് ഇവിടെ കൈപ്പറ്റുന്നത്. ബാക്കിയുള്ളവരെ അവധി പറഞ്ഞ് മടക്കി വിടുകയാണ്. കൂടുതൽ ജീവനക്കാരെ നിയമിച്ച് ശരാശരി 500 പേരുടെയെങ്കിലും പണം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തയ്യൽ തൊഴിലാളികൾ അപേക്ഷ കൊടുത്തിട്ടും മറുപടിയില്ല. അംശാദായം ഉൾപ്പെടെ നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന സ൪ക്കാ൪ ആനുകൂല്യത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്ന നൂറുകണക്കിന് തൊഴിലാളികളുണ്ട്. ഡിസംബ൪ 31 വരെ കിട്ടിയ അപേക്ഷകളിൽ തീ൪പ്പ് കൽപ്പിച്ച് ആനുകൂല്യം വിതരണം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. തയ്യൽ തൊഴിൽ സ്വീകരിച്ച് ജീവിക്കുന്നവരെ കണ്ടെത്തി അംഗത്വം കൊടുക്കുന്നതിന് ഇൻറ൪വ്യൂ നടത്താറുണ്ട്. ഇൻറ൪വ്യൂ കഴിഞ്ഞ് തെരഞ്ഞെടുത്തവ൪ക്ക് ഇതുവരെ കാ൪ഡും പാസ്ബുക്കും നൽകിയിട്ടില്ല. രജിസ്ട്രേഷൻ ഫീസും 240 രൂപ അംശാദായവും വാങ്ങുമ്പോൾ 240 രൂപയുടെ മാത്രം രസീത് നൽകുന്നതിനെയും തൊഴിലാളികൾ ചോദ്യം ചെയ്യുന്നു. 2013 ലെ പുതുക്കൽ ജോലികൾ ആരംഭിക്കാതെ ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്. വ൪ഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഓഫിസിൽ ഒരു ജീവനക്കാരി ഏകാധിപത്യ രീതിയിൽ കാര്യങ്ങൾ നടത്തുന്നതിനെ ചോദ്യം ചെയ്തതോടെ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ കള്ളക്കേസിൽ കുടുക്കിയതായി തൊഴിലാളികൾ പറയുന്നു.സെക്രട്ടറിക്കെതിരെ ഇടുക്കി സ്റ്റേഷനിൽ കൊടുത്ത പരാതി ഇനിയും തീ൪പ്പായിട്ടില്ല. ഈ സാഹചര്യത്തിൽ ടെയ്ലേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ 18 മുതൽ 23 വരെ ചെറുതോണിയിലുള്ള ഓഫിസ് ഉപരോധിക്കും. സംസ്ഥാന കമ്മിറ്റിയംഗം കെ. സോമൻ 18 ന് രാവിലെ 10ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻറ് ഇ.എ. ബേബി, വൈസ് പ്രസിഡൻറ് ആലീസ് മാത്യു, ടി.കെ. സുനിൽകുമാ൪, പി. സുദ൪ശനൻ, ജോയൻറ് സെക്രട്ടറിമാരായ എ.വി. അന്നമ്മ, മേഴ്സി സെബാസ്റ്റ്യൻ, കെ.പി. രാജു എന്നിവ൪ നേതൃത്വം നൽകും. ജില്ലയിലെ 20 ഏരിയാ കമ്മിറ്റികളിൽ നിന്നായി ആയിരത്തോളം പേ൪ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.