തിരൂ൪: മൂന്നു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 14 പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ തിരൂ൪ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തിന് വനിത സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
അതേസമയം, ക്രൂരമായ പീഡനത്തിനിരയായ ബാലികയുടെ നില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന കുട്ടിക്ക് രണ്ട് അടിയന്തര ശസ്ത്രക്രിയ നടത്തി. ആന്തരികാവയവങ്ങൾക്ക് സാരമായ പരിക്കുകളുണ്ടെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ഡോക്ട൪മാ൪ അറിയിച്ചു.
തിരൂരിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന തമിഴ് ബാലികയെയാണ് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചത്. തൃക്കണ്ടിയൂ൪ മഹിളാ സമാജം ഓഫിസ് വളപ്പിൽ കനത്ത പനിയോടെ ഉറുമ്പരിക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ മഹിളാ സമാജം വളപ്പിലെ കുളിമുറിയുടെ സമീപത്താണ് ബാലിക കിടന്നിരുന്നത്. സമാജം തുറക്കാനെത്തിയവരാണ് കുട്ടിയെ കണ്ടത്. അ൪ധ ബോധാവസ്ഥയിലായിരുന്നു ബാലിക. മഹിളാ സമാജം പ്രവ൪ത്തക൪ പൊലീസിനെ വിവരമറിയിച്ചു. ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ജനനേന്ദ്രിയത്തിൽ നിന്ന് രക്തം പൊടിയുന്നതായി കണ്ടെത്തി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പീഡന വിവരം അറിഞ്ഞത്.
തിങ്കളാഴ്ച രാത്രി രണ്ട് മക്കളോടൊപ്പം ജില്ലാ ആശുപത്രിക്ക് എതി൪വശത്തെ കെട്ടിടത്തിന്റെ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണെന്നും രാവിലെ എഴുന്നേറ്റപ്പോൾ കുട്ടിയെ കാണാതാവുകയായിരുന്നെന്നും മാതാവ് ശിവകാമി പൊലീസിൽ മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.