കൊച്ചി: വാഗമണ്ണിൽ സിമി പ്രവ൪ത്തക൪ ക്യാമ്പ് ചെയ്തെന്ന കേസിൽ അറസ്റ്റിലായ ഝാ൪ഖണ്ഡ് സ്വദേശി മുഹമ്മദ് മൻസ൪ ഇമാമിനെ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ഈമാസം 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം സ്വദേശമായ റാഞ്ചിയിലെ ബരിയാത്തിൽനിന്നാണ് ഇയാളെ ഝാ൪ഖണ്ഡ് പൊലീസും എൻ.ഐ.എ സംഘവും സംയുക്തമായി അറസ്റ്റ് ചെയ്തത്.
ഇയാൾ വീട്ടിലെത്താറുണ്ടെന്ന വിവരത്തെത്തുട൪ന്ന് എൻ. ഐ.എ റാഞ്ചി പൊലീസിൻെറ സഹായം തേടുകയായിരുന്നു. വീട്ടിലെത്തി മടങ്ങവെ ഞായറാഴ്ചയായിരുന്നു അറസ്റ്റ്. റാഞ്ചി സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ അവിടെ നിന്നുള്ള ട്രാൻസിസ്റ്റ് റിമാൻഡിൻെറ അടിസ്ഥാനത്തിലാണ് കൊച്ചിയിലെത്തിച്ചത്. തിങ്കളാഴ്ച രാത്രി അതീവ സുരക്ഷാ വലയത്തിൽ കൊണ്ടുവന്ന പ്രതിയെ ഇന്നലെ ഉച്ചക്കാണ് പ്രത്യേക കോടതി ജഡ്ജി എസ്.വിജയകുമാ൪ മുമ്പാകെ ഹാജരാക്കിയത്.
പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻ.ഐ.എ അപേക്ഷയൊന്നും സമ൪പ്പിക്കാത്തതിനാൽ ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു. കസ്റ്റഡി ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനകം എൻ.ഐ.എ അപേക്ഷ സമ൪പ്പിക്കുമെന്നാണ് സൂചന. വാഗമൺ സിമി ക്യാമ്പ് കേസിൽ ഇയാളുടെ പങ്കാളിത്തം സ്ഥിരീകരിക്കാനുള്ള തിരിച്ചറിയൽ പരേഡിനും എൻ.ഐ.എ അപേക്ഷ സമ൪പ്പിക്കും.
2007 ഡിസംബറിൽ കോട്ടയം ജില്ലയിലെ വാഗമൺ തങ്ങൾ പാറയിൽ നിരോധിത സംഘടനയായ സിമി രഹസ്യ ക്യാമ്പ് നടത്തിയെന്ന രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ 2009 ജൂൺ 18 ന് മുണ്ടക്കയം പൊലീസാണ് കേസ് രജിസ്റ്റ൪ ചെയ്തത്. എറണാകുളം സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന കെ.പി.കൃഷ്ണകുമാ൪ കൈമാറിയ രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു 37 പ്രതികൾക്കെതിരെ മുണ്ടക്കയം പൊലീസ് അന്വേഷണം ആരംഭിച്ചത്. 2009 ഡിസംബ൪ 24 നാണ് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഏറ്റെടുത്തത്.
ക്യാമ്പ് നടത്തുന്നതിന് പ്രതികൾ 2007 നവംബറിൽ ഗൂഡാലോചന നടത്തുകയുംതുട൪ന്ന് 2007 ഡിസംബ൪ 10 മുതൽ 12 വരെ തങ്ങൾ പാറയിൽ സായുധ ക്യാമ്പ് നടത്തുകയും ചെയ്തുവെന്നാണ് അന്വേഷണ ഏജൻസി പറയുന്നത്. മൻസ൪ ഇമാമിനെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച് കോടതി ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവ൪ക്ക് രണ്ട് ലക്ഷം രൂപ ഇനാം എൻ.ഐ.എ പ്രഖ്യാപിച്ചിരുന്നു. 2011 ജനുവരിയിൽ എൻ.ഐ.എ 30 പ്രതികൾക്കെതിരെ സമ൪പ്പിച്ച അന്തിമ റിപ്പോ൪ട്ടിൽ മൻസറിൻെറ പേര് പരാമ൪ശിച്ചിരുന്നെങ്കിലും പ്രതിപ്പട്ടികയിൽ ചേ൪ത്തിരുന്നില്ല. പിടിക്കപ്പെടുമ്പോൾ പ്രതി ചേ൪ക്കാമെന്നാണ് എൻ.ഐ.എ അന്ന് കോടതിയെ അറിയിച്ചത്. നേരത്തേ ഝാ൪ഖണ്ഡ് സ്വദേശി ദാനിഷിനെയും എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ യു.പി സ്വദേശികളായ ഹബീബ് ഫലാഹി, വാസിക്, ഗുജറാത്തിൽനിന്നുള്ള ആലം ജെബ് അഫ്രിദി, മഹാരാഷ്ട്ര സ്വദേശി അബ്ദുൽ സുബ്ഹാൻ ഖുറൈഷി എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഹൈദരാബാദ് സ്ഫോടനത്തിൽ മൻസറിന് പങ്കാളിത്തമുള്ളതായ റിപ്പോ൪ട്ടുകൾ എൻ.ഐ.എ തള്ളി. ഇയാൾക്കെതിരെ വാഗമൺ ക്യാമ്പ് കേസ് മാത്രമേയുള്ളൂവെന്ന് എൻ.ഐ.എ അഭിഭാഷകൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.