പത്തിരിപ്പാല: രാജീവ് ദശലക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി ഹൗസിങ് ബോ൪ഡ് നി൪മിച്ചുനൽകിയ വീടുകൾക്ക് ഇരുപത് വ൪ഷം കഴിഞ്ഞിട്ടും പട്ടയം ലഭിച്ചില്ല. മങ്കര ഗ്രാമപഞ്ചായത്തിലെ കല്ലൂ൪ രാജീവ് ദശലക്ഷം കോളനിയിലെ ഇരുപത് കുടുംബങ്ങളാണ് രണ്ട് പതിറ്റാണ്ടായി പട്ടയത്തിന് കാത്തിരിക്കുന്നത്.
പട്ടയം ലഭിക്കാത്തതിനാൽ ബാങ്ക് വായ്പ അടക്കമുള്ള സാമ്പത്തിക സഹായം തേടാൻ കഴിയാത്ത അവസ്ഥയാണ്. പതിനഞ്ച് വ൪ഷം കഴിഞ്ഞാൽ വീടുകൾക്ക് പട്ടയം നി൪ബന്ധമായും നൽകിയിരിക്കണമെന്ന വ്യവസ്ഥയും റവന്യു വകുപ്പ് പാലിച്ചിട്ടില്ല. രണ്ടര സെൻറ്, മൂന്ന് സെൻറ്, ഭൂമിയിലാണ് വീടുകൾ നി൪മിച്ച് നൽകിയത്. അടിസ്ഥാന സൗകര്യങ്ങൾ പോലും കുറവാണ്.
കാലപ്പഴക്കം ചെന്ന വീടുകളുടെ മേൽക്കൂര ദ്രവിച്ച് കോൺക്രീറ്റ് അട൪ന്ന് വീഴുകയാണ്. കോൺക്രീറ്റ് അട൪ന്ന് വീണ്തുടങ്ങിയതോടെ കുടുംബങ്ങൾ വീടിനുള്ളിൽ കഴിയാൻ ഭയപ്പെടുകയാണ്.സ്വന്തമായി പട്ടയം ലഭിക്കാത്തതിനാൽ വീടുകൾ അറ്റകുറ്റപ്പണി നടത്താൻ പോലും കുടുംബങ്ങൾക്ക് കഴിയുന്നില്ല. റേഷൻ കാ൪ഡും വൈദ്യുതിയും മാത്രമാണ് സ്വന്തമായുള്ളത്. വീടിന് സമീപത്തെ വീഴാറായി നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റണമെന്നാവശ്യവും നടപ്പായില്ല.
ആറ് പട്ടികജാതി കുടുംബങ്ങളടക്കം 20 കൂട്ടരാണ് ഇവിടെ താമസിക്കുന്നത്. ഹൗസിങ് ലോൺ അടക്കണം എന്ന വ്യവസ്ഥയിലാണ് വീട് നി൪മിച്ചു നൽകിയത്. എന്നാൽ, ആദ്യ ഗഡു പണം അടച്ചെങ്കിലും പിന്നീട് അടക്കേണ്ട എന്ന നി൪ദ്ദേശം ഉടമകൾക്ക് ലഭിച്ചതോടെ തുക അടക്കുന്നത് നി൪ത്തി. പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോളനി വാസികൾ ഹൗസിങ് ബോ൪ഡിനെ വ൪ഷങ്ങൾക്ക് മുമ്പുതന്നെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾക്ക് പരാതി നൽകുമന്ന് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ സി.കെ. ദേവദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.