പുനരധിവാസം: വനമേഖലയില്‍ താമസിക്കുന്നവര്‍ സത്യഗ്രഹം നടത്തി

സുൽത്താൻ ബത്തേരി: സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിലുൾപ്പെടുത്തി വയനാട് വന്യജീവി കേന്ദ്രത്തിനുള്ളിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് വയനാട് വന്യജീവി കേന്ദ്രം ക൪ഷക സമിതിയുടെ നേതൃത്വത്തിൽ വയനാട് വന്യജീവി കാര്യാലയത്തിന് മുന്നിൽ സത്യഗ്രഹ സമരം നടത്തി. ആദിവാസികളും സ്ത്രീകളും കുട്ടികളുമടക്കം സമരത്തിൽ പങ്കെടുത്തു. 2008ൽ പാ൪ലമെൻറിൽ അന്നത്തെ വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് പുനരധിവാസം സംബന്ധിച്ച ഉറപ്പും 1984ൽ പുനരധിവാസവുമായി ബന്ധപ്പെട്ട് കേരള ഹൈകോടതി നൽകിയ ഉത്തരവും സ൪ക്കാ൪ അവഗണിക്കുകയാണെന്ന് സമരക്കാ൪ ചൂണ്ടിക്കാട്ടി.
80 കോടി രൂപ ചെലവിൽ വയനാടൻ വനമേഖലയിലെ 14 ജനവാസ കേന്ദ്രങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാ൪പ്പിക്കാനുള്ള പദ്ധതി സ൪ക്കാ൪ അംഗീകരിച്ചിരുന്നു. പക്ഷേ, അഞ്ചരക്കോടി രൂപ മാത്രമാണ് ഇതുവരെ അനുവദിച്ചത്. കുറിച്യാട് റെയ്ഞ്ചിലെ ഗോളൂ൪, അമ്മവയൽ ഗ്രാമങ്ങളിലെ ജനങ്ങളെ ഈ ഫണ്ട് ഉപയോഗിച്ച് പുനരധിവസിപ്പിച്ചിരുന്നു. ട്രൈബൽ ഫണ്ട് ഉപയോഗപ്പെടുത്തി കൊട്ടങ്കരയിൽ ഭാഗികമായും പദ്ധതി നടപ്പാക്കി. എന്നാൽ, പിന്നീട് അനിശ്ചിതത്വത്തിലായ പദ്ധതി പുനരാരംഭിച്ചിട്ടില്ല.
പുനരധിവാസം കാത്തുകഴിയുന്ന ജനങ്ങളുടെ ജീവിതം തന്നെ കടുത്ത പ്രതിസന്ധിയിലാണിപ്പോൾ. ഇതിന് പരിഹാരം വേണമെന്നാണ് വനത്തിൽ ഒറ്റപ്പെട്ടു കഴിയുന്നവരുടെ ആവശ്യം.
വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറ് എൻ. ബാദുഷ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. കെ. രാഘവൻ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയൽ, കെ.ജി. തങ്കപ്പൻ, എം.ഐ. തോമസ്, രാഘവൻ പിലാക്കാവ്, കുറിച്ചിയാട് രാഘവൻ, ശ്രീധരൻ ചെട്ട്യാലത്തൂ൪, സുഗതൻ നരിമുണ്ടക്കൊല്ലി, ഗിരീഷ് കോളൂ൪, സജീവൻ നരിമാന്തിക്കൊല്ലി, തോമസ് പട്ടമന, പി.സി. കുര്യാക്കോസ്, ശ്രീധരൻ എന്നിവ൪ സംസാരിച്ചു. പുനരധിവാസ നടപടികൾ ഇനിയും വൈകിയാൽ വനം വകുപ്പിൻെറ ബംഗ്ളാവുകൾ, കെട്ടിടങ്ങൾ, വനം വകുപ്പിൻെറ കൈവശമുള്ള റവന്യൂ ഭൂമി എന്നിവയിൽ താമസമാരംഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.