ന്യൂദൽഹി: പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി സ്വയം അവരോധിതനാവുന്നതിൻെറ ഭാഗമായി, കേന്ദ്ര സ൪ക്കാറിനും കോൺഗ്രസിനുമെതിരെ നരേന്ദ്രമോഡി നടത്തിയ രൂക്ഷമായ ആക്രമണം നൽകിയ വീര്യത്തിൽ ബി.ജെ.പി ദേശീയ കൗൺസിൽ സമാപിച്ചു. 2014ലെ പൊതുതെരഞ്ഞെടുപ്പിനും ആറ് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പിനും ബുത്ത് തലത്തിൽ ഒരുങ്ങണമെന്ന ദേശീയ അധ്യക്ഷൻ രാജ്നാഥ് സിങ്ങിൻെറ ആഹ്വാനവും സമാപന ചടങ്ങിലുണ്ടായി.
ഗുജറാത്തിലെ സദ്ഭരണത്തെ കുറിച്ച് സംസാരിക്കാനായിരുന്നു പറഞ്ഞിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ കഴിവുകേടും കേന്ദ്ര സ൪ക്കാറിൻെറ അഴിമതിയും വിശദീകരിക്കാനാണ് മോഡി തനിക്ക് കിട്ടിയ അവസരമുപയോഗിച്ചത്. തെരഞ്ഞെടുപ്പ് റാലികളിലെ രാഷ്ട്രീയ പ്രസംഗമായിരുന്നു മോഡിയുടെത്. മോഡിയെ പോലെ സംസാരിക്കാൻ അവസരം കിട്ടിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനും ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമൺ സിങ്ങും തങ്ങളുടെ സ൪ക്കാറുകളുടെ നേട്ടത്തെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. പ്രധാനമന്ത്രി സ്ഥാനാ൪ഥിയെ ചൊല്ലി പാ൪ട്ടിയിലുള്ള ത൪ക്കത്തെക്കുറിച്ച വ്യംഗ്യമായ സൂചന നൽകിയ മോഡി വ്യക്തി ആരാണെന്നോ നേതാവ് ആരാണെന്നോ ബി.ജെ.പിയിൽ പ്രശ്നമല്ലെന്ന് പറഞ്ഞു. ലക്ഷ്യമാണ് പ്രധാനം. ജനങ്ങളെ നിരാശപ്പെടുത്താൻ നമുക്ക് അവകാശമില്ല. കോൺഗ്രസിനെ തൂത്തെറിയാൻ രാജ്യം തീരുമാനിച്ചുകഴിഞ്ഞുവെന്നും അതുവഴി ഒഴിവ് വരുന്ന പദവികൾ ശരിയായ ആളുകളെ വെച്ച് നികത്തുന്ന കാര്യമേ നാം നോക്കേണ്ടതുള്ളൂ എന്നും കൂട്ടിച്ചേ൪ത്തതിലൂടെ പ്രധാനമന്ത്രി സ്ഥാനാ൪ഥി താൻ തന്നെയാകണമെന്ന് വ്യംഗ്യമായി പറയുകയായിരുന്നു മോഡി.
ദേശീയ അധ്യക്ഷനടക്കമുള്ളവ൪ മോഡിയെ ഉയ൪ത്തിക്കാണിച്ചതോടെ നേരത്തേ എതി൪ത്തിരുന്ന വെങ്കയ്യ നായിഡുവിനെ പോലുള്ള നേതാക്കൾ മോഡി സ്തുതിയുമായി രംഗത്തെത്തുന്നതിനും ബി.ജെ.പി ദേശീയ കൗൺസിൽ സാക്ഷ്യം വഹിച്ചു. അതേസമയം, മുതി൪ന്ന നേതാവ് എൽ.കെ. അദ്വാനി മാത്രം മോഡിയെ ഉയ൪ത്തിക്കാണിക്കാൻ തയാറായില്ല. ഗുജറാത്തിലെ വികസന നേട്ടങ്ങൾ പറഞ്ഞപ്പോഴെല്ലാം മധ്യപ്രദേശിൽ ശിവ്രാജ് സിങ് ചൗഹാൻെറ ഭരണനേട്ടവും അദ്വാനി ചേ൪ത്തുപറഞ്ഞു. പാ൪ട്ടി അച്ചടക്കം ലംഘിച്ച് പരസ്യ പ്രസ്താവന നടത്തരുതെന്ന വിലക്ക് രാജ്നാഥ് സിങ് ദേശീയ കൗൺസിലിലും ആവ൪ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.