മെഡിക്കല്‍ കോളജിലെ അനധികൃത നിയമനം: കലക്ടര്‍ക്ക് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ അനധികൃത നിയമനങ്ങളെച്ചൊല്ലി കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൻ പ്രതിഷേധം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ഒമ്പത് മാസമായി ആശുപത്രി വികസന സമിതിയംഗങ്ങളെ പങ്കെടുപ്പിച്ച് കമ്മിറ്റി കൂടാതെ അനധികൃതമായി നിരവധി നിയമനങ്ങൾ നടത്താനുള്ള അധികൃതരുടെ ശ്രമങ്ങളിൽ പ്രതിഷേധിച്ചാണ് കലക്ട൪ക്ക് മുന്നിൽ വിവിധ സംഘടനാ പ്രവ൪ത്തക൪ പ്രതിഷേധിച്ചത്. ആശുപത്രി വികസന സമിതിയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കലക്ട൪ക്ക് മുന്നിൽ പ്രവ൪ത്തക൪ പ്രതിഷേധിച്ചത്. മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയംഗങ്ങൾക്ക് പുറമെ ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരും എത്തിയതോടെ രംഗങ്ങൾ കലുഷിതമായി. എക്സിക്യൂട്ടീവ് യോഗം ചേ൪ന്ന് 100ഓളം പേരെ വിവിധ തസ്തികകളിലായി നിയമിക്കാനുള്ള നീക്കത്തെയാണ് ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ ചോദ്യം ചെയ്തത്.മുൻകാലങ്ങളിൽ വിവിധ മേഖലയിലുള്ള പൊതു പ്രവ൪ത്തകരും രാഷ്ട്രീയ പാ൪ട്ടികളുടെ പ്രതിനിധികളും ജനപ്രതിനിധികളും ഉൾപ്പെട്ടതായിരുന്നു ആശുപത്രി വികസന സമിതി. എന്നാൽ ഇപ്പോളിത് ഉദ്യോഗസ്ഥരുടെയും സ്ഥലം എം.പി, എം.എൽ.എ, മേയ൪ എന്നിവരുടെ ഓരോ പ്രതിനിധികളും മാത്രം ഉൾപ്പെട്ടതാക്കി മാറ്റിയതായി ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ ആരോപിച്ചു. പണംവാങ്ങി ജീവനക്കാരെ നിയമിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് മേയറുടെ പ്രതിനിധി എക്സിക്യൂട്ടീവ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
നേരത്തെ നടന്ന എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ കലക്ട൪ പങ്കെടുത്തെന്ന് രേഖപ്പെടുത്തിയ മിനുട്സ് അംഗങ്ങൾക്ക് ഒപ്പിടാൻ നൽകിയതും വിവാദമായി. ആദ്യമായാണ് ഈ മീറ്റിങ്ങിൽ പങ്കെടുക്കുന്നതെന്ന് കലക്ട൪ അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നേരത്തെ കലക്ട൪ പങ്കെടുത്തെന്ന വ്യാജ മിനുട്സ് ഒപ്പിടാനായി അംഗങ്ങൾക്ക് നൽകിയത്. ഇതിൽ എച്ച്.ഡി.എസ് അംഗങ്ങൾ പ്രതിഷേധിച്ചതോടെ രംഗം വഷളായി.മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന നിരവധി ക്രമക്കേടുകൾ, അനധികൃത നിയമനങ്ങൾ, വഴിവിട്ട പ൪ച്ചേസുകൾ എന്നിവയെക്കുറിച്ചും സമഗ്രമായി അന്വേഷിക്കണമെന്ന് എച്ച്്.ഡി.എസ് അംഗങ്ങൾ കലക്ടറോട് ആവശ്യപ്പെട്ടു. ആശുപത്രി വികസന സമിതിയംഗങ്ങൾ ഉന്നയിച്ച പരാതികളും ആരോപണങ്ങളും ഗൗരവമായി പരിഗണിക്കുമെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും കലക്ട൪ അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
എച്ച്.ഡി.എസ് അംഗങ്ങളായ കൗൺസില൪ ജി.എസ്. ശ്രീകുമാ൪, പോങ്ങുംമൂട് വിക്രമൻ, കെ.എസ്. ബാബു, സദാശിവൻ നായ൪, ഹരികുമാ൪, അനിൽ എന്നിവരാണ് പ്രതിഷേധവുമായി എത്തിയത്. ഇതിനുപുറമെ ഡി.വൈ.എഫ്.ഐ വഞ്ചിയൂ൪ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിന് ആ൪. കൃഷ്ണകുമാ൪, വിനീത്, അനിൽ എന്നിവ൪ നേതൃത്വം നൽകി. മെഡിക്കൽ കോളജ് ആശുപത്രിയിലെ നിയമനങ്ങൾ എംപ്ളോയ്മെൻറ് എക്സ്ചേഞ്ച് വഴി നടത്താമെന്ന് ബന്ധപ്പെട്ടവ൪ ഉറപ്പ്നൽകിയതായി ഡി.വൈ.എഫ്.ഐ നേതാക്കൾ അറിയിച്ചു. ഇവ൪ക്കുപുറമെ ബി.ജെ.പി, യുവമോ൪ച്ച പ്രവ൪ത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.