കാസ൪കോട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശങ്ങൾ നേടിയെടുക്കാൻ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ആറാംദിവസം പിന്നിട്ടു. നിരാഹാരം അനുഷ്ഠിക്കുന്ന പി. കൃഷ്ണൻ പുല്ലൂ൪, സുഭാഷ് ചീമേനി എന്നിവരുടെ ആരോഗ്യനില വഷളായതായി അദ്ദേഹത്തെ പരിശോധിച്ച ജനറൽ ആശുപത്രിയിലെ ഡോക്ട൪മാ൪ അറിയിച്ചു. ഇരുവരുടെയും രക്തസമ്മ൪ദം കുറഞ്ഞു.
ഇതിനിടെ സമരത്തിന് സി.പി.എം ജില്ല നേതൃത്വം പിന്തുണ പ്രഖ്യാപിച്ചു. ജില്ല സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ, ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ എം.എൽ.എയുമായ സി.എച്ച്. കുഞ്ഞമ്പു എന്നിവ൪ സമരപ്പന്തലിലെത്തി. ശനിയാഴ്ചത്തെ സമരം കെ.പി. സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമരം മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഏറ്റെടുത്ത് ബഹുജന പ്രക്ഷോഭമാക്കി മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ. ടി. വി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. കുഞ്ഞമ്പു, ഡോ. സുരേന്ദ്രനാഥ്, അനന്തൻ നമ്പ്യാ൪ തുടങ്ങിയവ൪ സംസാരിച്ചു. കോൺഗ്രസ്, മുസ്ലിംലീഗ് പാ൪ട്ടികളുടെ പ്രതിനിധികൾ മാത്രമാണ് സമരപ്പന്തലിലേക്ക് എത്താതിരുന്നത്. ബി.ജെ.പി, സി.പി.ഐ, സോളിഡാരിറ്റി, ഐ.എൻ.എൽ, ജനതാദൾ, ആ൪.എസ്.പി, വെൽഫെയ൪ പാ൪ട്ടികളെല്ലാം ഉദ്ഘാടന ചടങ്ങിലും തുട൪ന്നും സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അനിശ്ചിതകാല നിരാഹാര സമരത്തോട് അധികാരികൾ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് അമ്മമാരുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. പി. കൃഷ്ണൻ പുല്ലൂരിൻെറയും സുഭാഷ് ചീമേനിയുടെയും ആരോഗ്യനില വഷളാകുമ്പോഴും നടപടിയെടുക്കാത്ത സ൪ക്കാ൪ സമീപനം കടുത്ത സമരമാ൪ഗങ്ങൾ സ്വീകരിക്കാൻ നി൪ബന്ധിതമാക്കുമെന്ന് സംഘാടക൪ പറഞ്ഞു. സി.വി. നളിനി, മാധവി, സജിത, മിസ്രിയ, ബൽക്കീസ് എന്നിവ൪ പ്രകടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.