ഉപ്പുമാവും കാപ്പിയും നല്‍കി ‘കോഴിക്കോടന്‍ നന്മ’

കോഴിക്കോട്: പണിമുടക്ക് ദിനത്തിൽ ഭക്ഷണമില്ലാതെ വലഞ്ഞ യാത്രക്കാ൪ക്കും നഗരവാസികൾക്കും സൗജന്യ ഭക്ഷണമൊരുക്കി കോഴിക്കോടൻ കൂട്ടായ്മ ശ്രദ്ധേയമായി. കോഴിക്കോട് സായി ബാബ കോളനിയിൽ മൂന്നു ദിവസം മുമ്പ് നിലവിൽ വന്ന ആക്ടീവ് ഗ്രൂപ്പ് ഓഫ് കാലിക്കറ്റിൻെറ (എ.ജി.സി) നേതൃത്വത്തിലാണ് റെയിൽവെ സ്റ്റേഷനുമുന്നിൽ സൗജന്യമായി ഉപ്പുമാവും ചക്കരക്കാപ്പിയും വിതരണം ചെയ്തത്. റെയിൽവെ സ്റ്റേഷനുമുന്നിലെ ബസ് വെയ്റ്റിങ് ഷെഡിനു സമീപം അടുപ്പുകൂട്ടിയായിരുന്നു പാചകം. രാവിലെ 11 നകം തന്നെ ആയിരത്തിലധികം പേ൪ ഉപ്പുമാവും കാപ്പിയും കഴിച്ച് വിശപ്പടക്കി. തട്ടുകടകൾപോലും പ്രവ൪ത്തിക്കാതിരുന്ന ഇന്നലെ നൂറുകണക്കിനാളുകൾ ഇവിടെ ഭക്ഷണം കഴിക്കാനെത്തി. ‘വിലക്കയറ്റത്തിനെതിരെ പ്രതികരിക്കുന്ന എല്ലാ മനുഷ്യരോടും ഐക്യപ്പെടുന്ന ആതിഥ്യമര്യാദ, ആഡംബരമല്ല ഞങ്ങളുടെ കോഴിക്കോടിൻെറ കടമയാണ്’ എന്നെഴുതിയ ബാനറിനുതാഴെയായിരുന്നു താത്കാലിക അടുക്കള. കോഴിക്കോടിൻെറ നന്മ മറ്റുള്ളവരിലും പ്രചരിപ്പിക്കുന്നതിനൊപ്പം ദേശീയ പണിമുടക്കിന് പൂ൪ണ ഐക്യദാ൪ഢ്യം പ്രഖ്യാപിക്കുക കൂടിയാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്ന് ആക്ടീവ് ഗ്രൂപ്പ് രക്ഷാധികാരി കെ. സുധീന്ദ്രൻ പറഞ്ഞു. ശ്രീനിവാസൻ മുള്ളത്ത്, സായ്കുമാ൪ പട്ടേരി, സൂരജ് പട്ടേരി, അരുൺജിത് കോട്ടക്കൽ തുടങ്ങി സംഘടനയിലെ ഇരുപതിൽപരം അംഗങ്ങൾ പാചകവും വിളമ്പലുമായി റെയിൽവെ സ്റ്റേഷൻ പരിസരത്തുണ്ട്.
ഉപ്പുമാവിനു പുറമെ ഇന്ന് കഞ്ഞിയും നൽകാൻ ഉദ്ദേശിക്കുന്നതായി സംഘാടക൪ പറഞ്ഞു. കല്ലായ് റോഡിലെ ‘ഇൻഡോ ഇലക്ട്രിക്കൽസ്’ആണ് ബുധനാഴ്ചത്തെ ഭക്ഷണം സ്പോൺസ൪ ചെയ്തത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.