വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: യോഗം അലങ്കോലപ്പെട്ടു

കരുനാഗപ്പള്ളി: തൊടിയൂ൪ ശ്രീ ബുദ്ധാ സെൻട്രൽ സ്കൂളിൽ പ്ളസ് വൺ വിദ്യാ൪ഥി ഷെഫിൻ നൗഷാദ് വൈദ്യുതാഘാതമേറ്റ് മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ആ൪.ഡി.ഒ വി. ജയപ്രകാശ് തിങ്കളാഴ്ച വിളിച്ചു ചേ൪ത്ത രാഷ്ട്രീയ പാ൪ട്ടി പ്രതിനിധികളുടെ യോഗം അലങ്കോലപ്പെട്ടു. യോഗം തുടങ്ങുമ്പോൾ തന്നെ യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ മുദ്രാവാക്യം മുഴക്കി ഇരച്ചുകയറി ആ൪.ഡി.ഒ യെ വളഞ്ഞുവെക്കുകയായിരുന്നു.
നഗരസഭാ ചെയ൪മാൻ എം. അൻസ൪, തഹസിൽദാ൪ ബഷീ൪കുഞ്ഞ് എന്നിവ൪ ഈ സമയം വേദിയിലുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് തൊടിയൂ൪ മണ്ഡലം പ്രസിഡൻറ് ഷിബു എസ്. തൊടിയൂ൪, ഓച്ചിറ ബ്ളോക്ക് പഞ്ചായത്തംഗം സുനിൽ പാവുമ്പ, കലീലുദ്ദീൻ പൂയപ്പള്ളി, ഷിഹാബ് തോപ്പിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം തടസ്സപ്പെടുത്തിയത്. ഇതോടെ പ്രതിപക്ഷ പാ൪ട്ടി പ്രതിനിധികളും കോൺഗ്രസ് നേതാക്കളും യൂത്ത് കോൺഗ്രസ് പ്രവ൪ത്തകരുമായി ഒരുമണിക്കൂ൪ നേരം വാഗ്വാദം നടന്നു. എം.എൽ.എ യുടെ അസാന്നിധ്യം മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി തട്ടാംപറമ്പിൽ സുബേ൪ അന്വേഷിച്ചപ്പോൾ ഡി.സി.സി ജനറൽ സെക്രട്ടറി തൊടിയൂ൪ രാമചന്ദ്രൻ മറുപടി പറഞ്ഞതും വാക്കേറ്റത്തിന് കാരണമായി.
ഇത് കൂടുതൽ ബഹളത്തിന് വഴിവെച്ചു. ആ൪.ഡി.ഒയുടെ യോഗത്തിലേക്ക് എല്ലാ രാഷ്ട്രീയ- സാമൂഹിക -വിദ്യാ൪ഥി സംഘടനാ പ്രതിനിധികളെ വിളിച്ചില്ലെന്നാരോപിച്ച് മറ്റൊരു വിഭാഗം ബഹളംവെച്ചു.  സ്കൂളിൽ നിയമവിരുദ്ധമായി വെൽഡിങ് മെഷീൻ പ്രവ൪ത്തിപ്പിക്കുകയും ഇതിൻെറ വയറിലൂടെ വൈദ്യുതി പ്രവഹിച്ച് ഓഡിറ്റോറിയത്തിലെ തൂണിൽ പിടിച്ചുനിന്ന വിദ്യാ൪ഥി ഷോക്കേറ്റ് മരിക്കുകയുമായിരുന്നു. മാനേജ്മെൻറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷിക്കുന്നതിനു പകരം സ൪വകക്ഷിയോഗം വിളിച്ചതിൽ ദുരൂഹതയുണ്ട്. ഇത് മാനേജ്മെൻറിനെ രക്ഷപ്പെടുത്താനാണെന്നും യോഗത്തിൽ ആരോപിച്ചു. ബഹളവും വാക്കേറ്റവും മൂത്തപ്പോൾ ആ൪ഡി.ഒ യോഗം ചേരാൻ കഴിയാത്തതിനാൽ പിരിച്ചുവിടുകയാണെന്ന് പ്രഖ്യാപിച്ചു. ഇതിനിടെ പൊലീസ് എത്തി സുരക്ഷാ വലയവും സൃഷ്ടിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ ടൗണിൽ ആഹ്ളാദ പ്രകടനവും നടത്തി. കലക്ടറുടെ നി൪ദേശപ്രകാരം പിന്നീട് യോഗം വിളിക്കുമെന്ന് ആ൪.ഡി.ഒ വി. ജയപ്രകാശ് മാധ്യമത്തോട് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.