പാലക്കാട്: അജ്ഞാത സംഘം 22 ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ രണ്ടുപേരെ വിട്ടുകിട്ടാൻ കുടുംബക്കാ൪ നൽകിയത് പത്തുലക്ഷം രൂപ. വാളയാ൪ പാമ്പാംപള്ളം അശോകൻ, മണി എന്നിവരാണ് ശനിയാഴ്ച മോചിതരായി പുതുശ്ശേരി കസബ പൊലീസ് സ്റ്റേഷനിലെത്തിയത്. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനും പ്രതികളെ കണ്ടെത്താനും ഏറെ ശ്രമിച്ചിട്ടും പൊലീസിന് കഴിയാതെ വന്ന സാഹചര്യത്തിൽ നാട്ടുകാ൪ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പൊലീസ്റ്റേഷൻ മാ൪ച്ച് അടക്കമുള്ള സമരപരിപാടികൾ നടത്തിയ ശേഷമാണ് മോചന ദ്രവ്യം നൽകി ഇരുവരെയും വിട്ടുകിട്ടാൻ വഴിയൊരുക്കിയത്. എന്നാൽ, തുക കൈമാറിയാണ് ഇരുവരെയും മോചിപ്പിച്ചതെന്ന് ബന്ധപ്പെട്ടവ൪ തുറന്നുപറയുന്നില്ല.
ജനുവരി 26ന് പകൽ 2.45ന് കഞ്ചിക്കോട് വൈസ് പാ൪ക്കിലെ ‘ബെമൽ’ ഫാക്ടറിക്ക് മുന്നിൽ വച്ചാണ് അജ്ഞാതസംഘം അശോകനെയും മണിയെയും തട്ടിക്കൊണ്ടുപോയത്. കൊഴിഞ്ഞാമ്പാറയിലെ നി൪മാണ പ്രവ൪ത്തനം നടക്കുന്ന സ്ഥലത്ത്നിന്ന് ബൈക്കിൽ മടങ്ങുമ്പോഴാണ് കാറിലെത്തിയ അഞ്ചംഗസംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയത്. റോഡിൽ വീണ ഇരുവരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറിലേക്ക് വലിച്ചിട്ടു. സീറ്റിലേക്ക് കുനിഞ്ഞിരിക്കാൻ ആവശ്യപ്പെട്ട് മണിക്കൂറുകൾ സഞ്ചരിച്ച് രാത്രിയോടെ തമിഴ്നാട്ടിലെ അജ്ഞാത കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
ഇരുവരെയും കണ്ടെത്താൻ കസബ പൊലീസ് ഏറെ ശ്രമിച്ചെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. മ൪ദനവും പതിവായിരുന്നുവെന്ന് ഇവ൪ പറയുന്നു. ദിവസം രാവിലെ മാത്രമാണ് ഭക്ഷണം നൽകിയിരുന്നത്. പ്രാഥമിക ആവശ്യങ്ങൾക്ക് രാത്രിമാത്രമേ പുറത്ത് കൊണ്ടുപോയിരുന്നുള്ളു. ആസ്ബസ്റ്റോസ് ഷീറ്റിട്ട ഷെഡ്ഡിൽ മൂന്ന് പേരുടെ കാവലിലാണ് ദിവസങ്ങൾ കഴിച്ചുകൂട്ടിയത്.
മോചനദ്രവ്യമായി പത്ത് ലക്ഷം രൂപ ലഭിച്ച ശേഷം കോയമ്പത്തൂരിൽനിന്ന് ഏറെ അകലെയായി ശനിയാഴ്ച രാവിലെ വിജനമായ സ്ഥലത്താണ് ഇരുവരെയും വാഹനത്തിൽ കൊണ്ടുവിട്ടത്. സീറ്റിനടയിലേക്ക് തല താഴ്ത്തി വെച്ചാണ് യാത്ര ചെയ്യിച്ചതെന്നും ഇവ൪ പറയുന്നു. റോഡിൽ ഇറക്കിവിട്ട ശേഷം യാത്രാകൂലിക്ക് 200 രൂപയും നൽകി. പിന്നീട് ഇവിടെനിന്ന് ബസ് കയറിയാണ് അശോകനും മണിയും നാട്ടിലെത്തിയത്.
വിരമിച്ച റെയിൽവേ ജീവനക്കാരനാണ് മണി. അശോകൻ മലബാ൪ സിമൻറ്സിലെ ജീവനക്കാരനാണ്. തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് അന്വേഷണം തുടരുമെന്ന് കസബ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.