വിലക്കയറ്റം: ജീവിതം പൊള്ളുന്നു

കോട്ടയം: സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുമ്പോഴും സാധാരണക്കാരന് ജീവിതം പൊള്ളുന്നു. സൂര്യനെല്ലിയടക്കമുള്ള വിവാദങ്ങൾക്കിടയിൽ വിലക്കയറ്റത്തെ ഭരണകൂടം പോലും മറന്നിരിക്കുന്നു.
വില വ൪ധനക്ക് പിന്നിൽ ഇടത്തട്ടുകാരാണെന്നാണ് മൊത്ത വിതരണക്കാരുടെ ആരോപണം. അരി വിലവ൪ധന പിടിച്ചുനി൪ത്താൻ ഇനിയുമായിട്ടില്ല. 35 രൂപവരെയാണ് വിവിധയിനത്തിൻെറ  മാ൪ക്കറ്റ് വില. ഇതുതന്നെ, ഏതെങ്കിലും  ബ്രാൻഡിൻെറ പേരിൽ പാക്കറ്റിലാക്കി ഇറക്കുമ്പോൾ 50 രൂപ കടക്കുന്നു.  പഞ്ചസാര കിലോ 40 രൂപയും ചെറുപയ൪ 75ഉം കടലക്ക്  70 ഉം ആണ് വില.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ‘കോഴി ബന്ദ്’ ആചരിച്ചെങ്കിലും കോഴിയിറച്ചി വില ഇനിയും താഴേക്ക് വന്നിട്ടില്ല. കിലോക്ക് 115-120 രൂപ എന്നതാണ് ചില്ലറ വില. എന്നാൽ, മൊത്തവിപണിയിൽ കിലോക്ക് 92-94 ആണെന്നും ചില്ലറ വിൽപ്പനക്കാരാണ് അത് ഉയ൪ത്തുന്നതെന്നും കോഴിവള൪ത്ത് ക൪ഷകരുടെ സംഘടന ആരോപിക്കുന്നു.
മത്സ്യത്തിനും പൊള്ളുന്ന വിലയാണ്. ഇടത്തരം നെയ്മീൻ (അയക്കൂറ)കിലോക്ക് 500 രൂപയും വലിയ നെയ്മീന് കിലോക്ക് 600 രൂപയുമായിരുന്നു ബുധനാഴ്ച മാ൪ക്കറ്റ് വില.  ഈസ്റ്ററും വിഷുവും എത്തുമ്പോഴേക്ക് ഇത് ഇനിയും കുതിക്കുമെന്ന്  കച്ചവടക്കാ൪  പറയുന്നു. അയലക്ക് 160 രൂപവരെയായി. ചെറിയ മീനായ നത്തോലിക്ക് 120 രൂപക്കുമേലാണ് വില. കടൽമീനിൻെറ ലഭ്യത കുറഞ്ഞതാണത്രേ വിലവ൪ധനക്ക് കാരണം.
പച്ചക്കറി വിപണിയും പൊള്ളുകയാണ്. പച്ചപ്പയറിന് പലപ്പോഴും 50 രൂപവരെയാണ് വാങ്ങുന്നത്. എന്നാൽ മൊത്ത വിപണിയിൽ വിവിധയിനം പയറിന് 15 മുതൽ 20 രൂപ വരെയാണെന്ന് മൊത്ത വിതരണക്കാ൪ പറയുന്നു. ബീൻസിന് 20 രൂപയും കാരറ്റിന് 22 രൂപയുമാണ് മൊത്ത വിലയെന്നും ഇവ൪ പറയുന്നു. എന്നാൽ, ഈ വിലക്കൊന്നും ചില്ലറ വിപണിയിൽ പച്ചക്കറി കിട്ടാനില്ല. ചില്ലറ വിപണിയിലെ വില വ൪ധനവിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ നാടൻ ഇനമായതിനാലാണ് വിലക്കൂടുതൽ എന്നാണ്  കച്ചവടക്കാരുടെ വിശദീകരണം.  
തേങ്ങ വില ഇടിയുന്നതായി ക൪ഷകൻ പരിതപിക്കുമ്പോൾ, സാധാരണക്കാരൻ കടയിൽ നിന്ന് വാങ്ങുന്ന തേങ്ങ ഒന്നിന് 15 രൂപ കൊടുക്കണം. വേനലിന് മുമ്പേ ചൂട് കനത്തതോടെ പഴ വ൪ഗങ്ങൾക്ക് പൊന്നുംവിലയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.