കാക്കനാട്: കൊച്ചി മെട്രോയുടെ നി൪മാണം ഏപ്രിലോടെ ആരംഭിക്കുമെന്ന് ഡി.എം.ആ൪.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ പറഞ്ഞു. ഇതിനുള്ള നടപടികൾ പൂ൪ത്തിയാകുകയാണ്. തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിൽ സ്വാമി വിവേകാനന്ദൻെറ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു.
ആഗോള അടിസ്ഥാനത്തിൽ ക്ഷണിച്ച ടെൻഡറായതിനാൽ ആ൪ക്കും പ്രത്യേക പരിഗണന നൽകില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ചശേഷമേ കരാറുകാരെ ഉറപ്പിക്കൂ. സാങ്കേതിക വശങ്ങളും ഇതോടൊപ്പം പരിഗണിക്കും. നി൪മാണം വേഗത്തിൽ ആരംഭിക്കും. രണ്ട് വ൪ഷത്തേക്ക് നി൪മാണത്തിനുള്ള തുക കേന്ദ്രസ൪ക്കാറിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാനന്ദനാണ് തൻെറ ജീവിതത്തെയും ചിന്താധാരയെയും സ്വാധീനിച്ചത്. പദ്ധതികൾ സമയബന്ധിതമായി പൂ൪ത്തീകരിക്കാൻ കഴിഞ്ഞതിന് പിന്നിൽ അദ്ദേഹത്തിൻെറ ചിന്തകൾ ഉണ്ടായിരുന്നുവെന്നും ശ്രീധരൻ കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.