തീരദേശം കുടിവെള്ളത്തിന് വലയുന്നു; 15 പഞ്ചായത്തുകള്‍ക്ക് ദുരിതം

വാടാനപ്പള്ളി: വേനൽ കടുക്കും മുമ്പ് തീരദേശം കുടിവെള്ളത്തിന് വലയുന്നു. കടലോര-പുഴയോര മേഖലയിലെ കിണറുകൾ കാര്യക്ഷമമല്ലാത്തതിനാൽ വാട്ട൪ അതോറിറ്റിയെ  ആശ്രയിക്കുന്ന കുടുംബങ്ങളാണ് വലയുന്നത.് കുടിവെള്ളവിതരണം തടസ്സപ്പെടുന്നതാണ് കാരണം.
കൊടുങ്ങല്ലൂ൪ എറിയാട് മുതൽ ചാവക്കാട് ഒരുമനയൂ൪ വരെയുള്ള പഞ്ചായത്തുകളിൽ ഒന്നരലക്ഷത്തിലധികം കുടുംബങ്ങളാണ് കുടിവെള്ളക്ഷാമം മൂലം ദുരിതത്തിൽ കഴിയുന്നത്. നേരത്തെ വല്ലപ്പോഴുമാണ് തീരദേശത്ത് കുടിവെളളക്ഷാമം നേരിടാറുളളത്. എന്നാൽ രണ്ട് വ൪ഷമായി വിവിധ പഞ്ചായത്തുകളിലെ ഉയ൪ന്ന പ്രദേശത്ത് ടാപ്പുകളിൽ മാസങ്ങളോളമായി  കുടിവെള്ളമെത്താറില്ല.
വാടാനപ്പള്ളി, ഏങ്ങണ്ടിയൂ൪, തളിക്കുളം മേഖലയിലാണ്  കുടിവെള്ളത്തിന്  ഏറ്റവും കൂടുതൽ ക്ഷാമം നേരിടുന്നത്. ഒരുമനയൂ൪, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കയ്പമംഗലം, എസ്.എൻ.പുരം, പെരിഞ്ഞനം, മതിലകം, എറിയാട്, താന്ന്യം, അന്തിക്കാട് എന്നിവിടങ്ങളിലെ തീരപ്രദേശത്തും കുടിവെള്ളത്തിനായി നെട്ടോട്ടമാണ്.
നേരത്തെ ഇല്ലിക്കലിൽ നിന്ന് പത്തോളം പഞ്ചായത്തിലേക്കാണ് കുടിവെള്ളം എത്തിച്ചിരുന്നത്. തീരദേശത്തെ വിവിധ  പഞ്ചായത്തുകളിൽ രണ്ടും മൂന്നും വരെ കൂറ്റൻ ടാങ്കും സ്ഥാപിച്ചിരുന്നു. വെള്ളം ടാങ്കുകളിൽ ശേഖരിക്കാറുണ്ടായിരുന്നു. ഇല്ലിക്കലിൽ വൈദ്യുതി തടസ്സപ്പെട്ട്  പമ്പിങ് മുടങ്ങുമ്പോൾ പഞ്ചായത്തുടാങ്കുകളിലെ വെള്ളമാണ് പകരം വിതരണം ചെയ്യാറ്.
ടാങ്കുകളിലെ വെള്ളം കഴിയുമ്പോൾ കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത്  ശുദ്ധീകരിച്ച് കുടിവെളളവിതരണം നടത്തിയിരുന്നു.  ഇതിന് മോട്ടോറും വാങ്ങി. ഇതോടെ കുടിവെള്ളക്ഷാമം നേരിട്ടിരുന്നില്ല. എന്നാൽ ഈ  ടാങ്കുകളുടെ പ്രവ൪ത്തനം   20 വ൪ഷം മുമ്പ് സ൪ക്കാ൪ നി൪ത്തലാക്കി. ഇതോടെ  തീരദേശത്തെ ടാങ്കുകൾ നോക്കുകുത്തിയായി. മോട്ടോറും നശിച്ചു. ഇതോടെ കുടിവെള്ളക്ഷാമം നേരിട്ടു.
 കഴിഞ്ഞ പത്തുവ൪ഷമായി ടാങ്ക് പ്രവ൪ത്തിപ്പിക്കാൻ ച൪ച്ച നടത്തിവരാറുണ്ടെങ്കിലും  ഇനിയും ഫലമായില്ല. ഇതാണ് തീരദേശത്തെ കുടിവെള്ളപ്രശ്നങ്ങൾക്ക് കാരണം. നേരത്തെ ഉണ്ടായിരുന്നതിനെക്കാൾ നാല് ഇരട്ടിയിലധികം കുടുംബങ്ങൾക്ക് വെള്ളം വിതരണം ചെയ്യുന്നതാണ് പലമേഖലയിലും വെളളം എത്താതിരിക്കാൻ കാരണം. കൂടുതൽ അകലേക്ക് വെള്ളം എത്താൻ ശക്തികൂട്ടി പമ്പ്  ചെയ്താൽ ദ്രവിച്ച പൈപ്പുകൾ പൊട്ടി പലയിടത്തും വെള്ളം പാഴായി പോകുന്നു. ഇതോടെ അകലെ പ്രദേശത്തേക്ക് വെള്ളം എത്തുന്നില്ല.  കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിട്ടതോടെ ഏറനാളായി വിവിധ പാ൪ട്ടികളും ജനങ്ങളും സമരരംഗത്താണ്. വാട്ട൪ അതോറിറ്റി ഓഫിസുകൾക്ക് മുന്നിലും പഞ്ചായത്തോഫിസിൻെറ മുന്നിലും വരെ സമരം നടത്തിവരുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.