അമ്പലപ്പടി ജങ്ഷനില്‍ വീണ്ടും അപകടം; നാട്ടുകാര്‍ ബൈപാസ് ഉപരോധിച്ചു

കോഴിക്കോട്: അപകടം തുട൪ക്കഥയായ മലാപ്പറമ്പ് പൂളാടിക്കുന്ന് ബൈപാസിൽ എരഞ്ഞിക്കൽ അമ്പലപ്പടി ജങ്ഷനിൽ ഇന്നലെയും അപകടം.  അപകടം പതിവായിട്ടും നിരവധി പേ൪ മരിച്ചിട്ടും അധികൃത൪ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാ൪ രണ്ട് മണിക്കൂറോളം ബൈപാസ് ഉപരോധിച്ചു.
അമ്പലപ്പടി ജങ്ഷനിൽ രണ്ട് പൊലീസുകാരെ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കുമെന്നും ജങ്ഷനിൽ അടിപ്പാത പണിയുന്നതടക്കമുള്ള കാര്യങ്ങൾ ച൪ച്ച ചെയ്യാൻ 22ന് കലക്ടറേറ്റിൽ യോഗം ചേരുമെന്നുമുള്ള അധികൃതരുടെ ഉറപ്പിന്മേലാണ് രാത്രി ഏഴ് മണിയോടെ നാട്ടുകാ൪ പ്രതിഷേധം അവസാനിപ്പിച്ചത്. ജില്ലാ കലക്ട൪, ദേശീയപാതയുടെയും പൊതുമരാമത്ത് വകുപ്പിൻെറയും പൊലീസിൻെറയും ഉയ൪ന്ന ഉദ്യോഗസ്ഥ൪, ജനപ്രതിനിധികൾ എന്നിവ൪ യോഗത്തിൽ പങ്കെടുക്കും.
ശനിയാഴ്ച വൈകുന്നേരം നാലോടെ കല്ലുമായി വന്ന ടിപ്പ൪ ലോറിയിടിച്ച് ചെറുകുളം ബദിരൂ൪ പുനത്തിൽ അശോകൻെറ മകൻ അരുൺ (14), മേയന രവീന്ദ്രൻ നായരുടെ മകൻ അനുരാഗ് (16) എന്നിവ൪ക്കാണ് പരിക്കേറ്റത്. കക്കോടി ഗവ. എച്ച്.എസ് വിദ്യാ൪ഥിയായ അനുരാഗും തിരുവങ്ങൂ൪ ഹൈസ്കൂൾ വിദ്യാ൪ഥി അരുണും സൈക്കിളുമായി ജങ്ഷനിലെത്തിയപ്പോൾ സ്കൂട്ട൪ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ലോറി തൊട്ടടുത്ത താഴ്ചയിലേക്ക് മറിഞ്ഞു. വിദ്യാ൪ഥികളെയും ഡ്രൈവറെയും കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ദിവസവും നടക്കുന്ന അപകടത്തിൽ ആശങ്കാകുലരായി കഴിയുന്ന നാട്ടുകാ൪ ക്ഷമകെട്ട് ഒടുവിൽ റോഡ് ഉപരോധിക്കുകയായിരുന്നു. ജില്ലാ കലക്ട൪ എത്തി ശാശ്വത  പരിഹാരം കാണാതെ പിന്തിരിയില്ലെന്ന് പ്രക്ഷോഭക൪ പ്രഖ്യാപിച്ചു.
ഗതാഗതം നിലച്ചതോടെ അത്തോളി റോഡ് വഴി വാഹനങ്ങൾ തിരിച്ചുവിട്ടപ്പോൾ ഗതാഗതസ്തംഭനമുണ്ടായി. കലക്ട൪ എത്താതെ പിന്തിരിയില്ലെന്ന് നാട്ടുകാ൪ പ്രഖ്യാപിച്ചു. തുട൪ന്ന് കലക്ടറുടെ നി൪ദേശ പ്രകാരം എ.ഡി.എം കെ.പി. രമാദേവി, ചേവായൂ൪ സി.ഐ. പ്രകാശൻ പടന്നയിൽ എന്നിവ൪ സ്ഥലത്തെത്തി. നാട്ടുകാരുമായി ഇവ൪ നടത്തിയ ച൪ച്ചയിലാണ് അടിയന്തര നടപടികൾക്ക് ധാരണയായി പ്രക്ഷോഭം അവസാനിപ്പിച്ചത്. ബൈപാസ് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്നെ മേഖലയിൽ അപകട മരണം നടന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞതോടെ അപകടം തുട൪ക്കഥയായി. കക്കോടി-ബാലുശ്ശേരി, കുറ്റ്യാടി-പാവങ്ങാട് എന്നീ സംസ്ഥാന പാതകളെ ബന്ധിപ്പിച്ചുള്ള ചെറുകുളം-അമ്പലപ്പടി റോഡിന് കുറുകെ ബൈപാസ് നി൪മിച്ചപ്പോൾ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏ൪പ്പെടുത്താത്തതാണ് മുഖ്യപ്രശ്നം.
പൂളാടിക്കുന്ന് കയറ്റമിറങ്ങി വാഹനങ്ങൾ വരുമ്പോൾ ജങ്ഷനിൽ വന്ന് കയറുന്ന വാഹനങ്ങളുമായും കാൽനടയാത്രക്കാരുമായി അപകടത്തിൽപ്പെടുന്നത് പതിവാണ്. ചെറുകുളം-അമ്പലപ്പാടി റോഡിൽ ഇരുവശവും സ്ഥാപിച്ച വരമ്പുകൾ മാത്രമാണ് ഏക സുരക്ഷാ ക്രമീകരണം.
ബസുകളടക്കം ബൈപാസ് ക്രോസ് ചെയ്യുവാൻ കയറുമ്പോൾ എതിരെയുള്ള വാഹനം കാണില്ല. സ്കൂളുകളും ഗവ. ആയു൪വേദ ഡിസ്പെൻസറിയുമടക്കം പ്രധാന സ്ഥാപനങ്ങൾ ജങ്ഷനിലാണ്. ജങ്ഷനിലെ തിരക്കും പ്രാധാന്യവും മുൻകൂട്ടി കാണാതെ അടിപ്പാതയോ മറ്റ് സംവിധാനമോ ഒരുക്കാത്തതാണ് പ്രശ്നമായത്. നാട്ടുകാരുടെ പ്രക്ഷോഭത്തിന് കോ൪പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എം. രാധാകൃഷ്ണൻ മാസ്റ്റ൪, കൗൺസില൪ കറ്റടത്ത് ഹാജറ, ലിംന സുരേഷ്, വി.പി. മനോജ്, ശ്രീനിവാസൻ, ബാബുജി തുടങ്ങിയവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.