മത്സ്യലഭ്യതയില്‍ കുറവ്; തീരങ്ങളില്‍ പ്രതിസന്ധി

പൂന്തുറ: പ്രമുഖ മത്സ്യബന്ധന തീരങ്ങളിൽമത്സ്യ ലഭ്യതയിൽ വൻ കുറവ് അനുഭവപ്പെട്ടതോടെ തീരങ്ങളിൽ വൻ പ്രതിസന്ധി. ഇതുമൂലം തീരത്തെ ലക്ഷക്കണക്കിന് കുടുംബങ്ങൾ പട്ടിണിയുടെ പിടിയിലമരും. ട്രോളിങ്ങിനുശേഷം ചാകരകോള് പ്രതീക്ഷിച്ചിറങ്ങിയ പല തീരങ്ങളും വറുതിയിലാണ്. വിഴിഞ്ഞം, നീണ്ടകര, പുതിയാപ്പ, കൊച്ചി, ബേപ്പൂ൪, ചാലിയം, പൊന്നാനി എന്നിവിടങ്ങളിൽ മത്സ്യലഭ്യതയിൽ വൻ കുറവുണ്ട്. ഇതോടെ വിലയും കുത്തനെ കൂടി. നെയ്മീൻ, ആവോലി, കിളിമീൻ, നൊത്തോലി, ചൂര, കൊഞ്ച് തുടങ്ങിയവക്ക് കഴിഞ്ഞ സീസണെക്കാൾ വൻവിലയാണ്. 2004 ലെ സൂനാമിക്ക് ശേഷം സംസ്ഥാനത്ത് പൊതുവേ മത്സ്യസമ്പത്ത് കുറഞ്ഞിരുന്നു. ഇതിന് പുറമെ ട്രോളിങ് സമയത്ത് അന്യസംസ്ഥാന കപ്പലുകളുംമറ്റും വ്യാപക മത്സ്യക്കൊയ്ത്ത് നടത്തിയതും ലഭ്യത കുറയാൻ കാരണമായതായി മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് മഴ കുറഞ്ഞ് മൺസൂൺ കാലാവസ്ഥ മോശമായതും മത്സ്യലഭ്യത കുറയാൻ പ്രധാന കാരണമായി. ഡീസൽ വിലവ൪ധനയും കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ നട്ടെല്ലൊടിക്കുന്ന അവസ്ഥയാണ്.
കേരള തീരത്ത് 5,000 ബോട്ടുകളാണ് മത്സ്യബന്ധനത്തിനെത്തുന്നത്. ഇതിൽ 3000 വലിയ ബോട്ടുകളും 2000 ചെറിയബോട്ടുകളുമാണ്. മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ചിരിക്കുന്ന പത്ത് ലക്ഷം മത്സ്യത്തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. കേരളത്തിലെമത്സ്യത്തൊഴിലാളികൾ കുറഞ്ഞ് വരുന്നതുമൂലം തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയിൽ വ്യാപകമാണ്.
ഡീസൽ വില എണ്ണക്കമ്പനികൾക്ക് നിശ്ചയിക്കാനുള്ള പുതിയ തീരുമാനം മത്സ്യമേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിനീക്കും.
ഇതിനുപുറമെ സംസ്ഥാനത്തെ ആഴക്കടലിൽ കേരള മറൈൻ ഫിഷിങ് റെഗുലേഷൻ ആക്ട് പ്രകാരം നിരോധിച്ചിരിക്കുന്ന വലകളുപയോഗിച്ച് വൻകിട വിദേശ ട്രോളറുകൾ മത്സ്യബന്ധനം നടത്തുന്നതും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന അവസ്ഥയിലാണ്. പെലാജിക് ട്രോൾനെറ്റ്, മിഡ് വാട്ട൪ ട്രോൾനെറ്റ് എന്നിവ ഉപയോഗിച്ച് ട്രോളിങ് ബോട്ടുകൾ നടത്തുന്ന മത്സ്യബന്ധനം മത്സ്യ സമ്പത്തിനും മത്സ്യത്തൊഴിലാളികൾക്കും ഗുരുതരമായ ആഘാതം സൃഷ്ടിക്കപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.