ബംഗളൂരു: സൗഖ്യ ആയു൪വേദ ആശുപത്രിയിൽ സ്വന്തം ചെലവിൽ ചികിത്സ ആവാമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാൻ തയാറാണെന്ന് ജയിൽ സൂപ്രണ്ട് അബ്ദുന്നാസി൪ മഅ്ദനിയെ അറിയിച്ചു.
എന്നാൽ, പ്രമേഹം മൂ൪ച്ഛിച്ച് ആരോഗ്യം അതീവ മോശമായ അവസ്ഥയിൽ ആശുപത്രിയിൽ ഒരു സഹായി ഇല്ലാതെ പോകില്ലെന്ന് മഅ്ദനി മറുപടി നൽകി.
വ്യാഴാഴ്ച രാവിലെ ജയിലാശുപത്രി ഡോക്ടറോടൊപ്പം മഅ്ദനിയെ ചെന്നുകണ്ട ജയിൽ സൂപ്രണ്ട് കൃഷ്ണകുമാ൪, ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ തയാറായതായും പൊലീസ് അകമ്പടി അടക്കമുള്ള നടപടിക്രമങ്ങൾ പരപ്പന അഗ്രഹാര ജയിലിനു പുറത്ത് തയാറാക്കിയിട്ടുണ്ടെന്നും അറിയിച്ചു. എന്നാൽ, കൈക്ക് സ്വാധീനക്കുറവ് അനുഭവപ്പെടുന്നതിനാൽ തടവുപുള്ളികളിൽ ഒരാളുടെയെങ്കിലും സഹായമില്ലാതെ ആശുപത്രിയിലേക്കു പോകാനാകില്ലെന്ന് മഅ്ദനി അറിയിച്ചു.
സൗഖ്യ ആശുപത്രിയിൽ എന്തെങ്കിലും സംവിധാനം ഉണ്ടാക്കുമെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചെങ്കിലും മഅ്ദനി തയാറായിട്ടില്ല. ഒരു സഹായിയെങ്കിലും കൂടെനി൪ത്താൻ അനുവദിക്കാൻ സ൪ക്കാറിൽ സമ്മ൪ദം ചെലുത്താൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ബന്ധു മുഖേന മഅ്ദനി അപേക്ഷിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ജഗദീഷ് ഷട്ടറുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയതായാണ് വിവരം. വൈകാതെ ഇതുസംബന്ധിച്ച് ജയിലധികൃത൪ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.