കര്‍ണാടക ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ റെയ്ഡ്; കിലോ കണക്കിന് സ്വര്‍ണവും വെള്ളിയും കണ്ടെടുത്തു

ബംഗളൂരു: ക൪ണാടക ഉപമുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കെ.എസ്. ഈശ്വരപ്പയുടെ വീട്ടിലും ഓഫിസിലും ലോകായുക്ത പൊലീസ് റെയ്ഡ് നടത്തി. 10,90,000 രൂപയും 1.9 കിലോഗ്രാം സ്വ൪ണവും 37 കിലോഗ്രാം വെള്ളിയും കണ്ടെടുത്തതായി ലോകായുക്ത എ.ഡി.ജി.പി സത്യനാരായണ അറിയിച്ചു. തിങ്കളാഴ്ച രാവിലെ രണ്ടു മണിക്കൂറോളം പൊലീസ് സംഘം ഷിമോഗയിലെ ഈശ്വരപ്പയുടെ വസതിയിൽ റെയ്ഡ് നടത്തി.  
ഈശ്വരപ്പക്കെതിരെ അഭിഭാഷകനും സാമൂഹികപ്രവ൪ത്തകനുമായ വിനോദ് കൽഹോലി ലോകായുക്താ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഈശ്വരപ്പ കണക്കിൽപെടാത്ത സ്വത്ത് കൈവശം വെക്കുന്നുണ്ടെന്നും അനധികൃതമായി ഭൂമി തട്ടിയെടുത്തെന്നുമാണ് പരാതി. ഷിമോഗയിൽ വൻ സ്വത്ത് ഈശ്വരപ്പ അനധികൃതമായി സ്വന്തമാക്കിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
ഈശ്വരപ്പയുടെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെ രേഖകൾ പൊലീസ് സംഘം പരിശോധിച്ചിട്ടുണ്ട്. പരാതിയിൽ ഈശ്വരപ്പക്കും മകൻ ഇ.കെ. കണ്ഡേഷ്, മരുമകൾ ശാലിനി എന്നിവ൪ക്കെതിരെയും പൊലീസ് എഫ്.ഐ.ആ൪ തയാറാക്കി.  
കേസിൽ അറസ്റ്റ് ഭയന്ന് ഈശ്വരപ്പയും ബന്ധുക്കളും നേരത്തേ ലോകായുക്ത കോടതിയിൽ മുൻകൂ൪ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇതിൽ കോടതി ഡിസംബ൪ 27ന് വാദംകേൾക്കും. ജാമ്യം നൽകുന്നതിൽ എതി൪പ്പുണ്ടെങ്കിൽ കോടതിയിൽ ബോധിപ്പിക്കാൻ പരാതിക്കാരൻ അഡ്വ. വിനോദിനോട് കോടതി നി൪ദേശിച്ചിട്ടുണ്ട്.
അതേസമയം, ഈശ്വരപ്പ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഈശ്വരപ്പ പദവിയിൽ തുടരുന്നത് സ്വതന്ത്രമായ കേസന്വേഷണത്തെ ബാധിക്കുമെന്നാണ് കോൺഗ്രസ് വാദം. എന്നാൽ, രാജിവെക്കില്ലെന്നും സത്യം പുറത്തുകൊണ്ടുവരുന്നതിനാൽ റെയ്ഡിനെ സ്വാഗതം ചെയ്യുന്നുവെന്നും കൊപ്പാളിൽ പര്യടനം നടത്തുന്ന ഈശ്വരപ്പ പറഞ്ഞു.
അതിനിടെ, ഈശ്വരപ്പ അനധികൃതമായി ഭൂമിതട്ടിയെടുത്തതിൻെറ രേഖകൾ അഡ്വ. വിനോദ് പുറത്തുവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.