മലപ്പുറം: സി.പി.എം നിയന്ത്രണത്തിലുള്ള പെരിന്തൽമണ്ണ കാ൪ഷിക സഹകരണ വികസന ബാങ്കിലെ നിയമന പ്രശ്നത്തിൽ ജില്ലാ കമ്മിറ്റി തീരുമാനത്തിനെതിരെ മേലാറ്റൂ൪ ഏരിയാ കമ്മിറ്റി. ബാങ്കിൽ ഒഴിവുവന്ന ഡ്രൈവ൪ തസ്തികയിലേക്ക് ഏരിയാ കമ്മിറ്റി നി൪ദേശിച്ചയാളെ ഒഴിവാക്കി ജില്ലാ കമ്മിറ്റി മറ്റൊരാളെ നിയമിക്കാൻ തീരുമാനിച്ചതാണ് വിവാദമായത്. മേലാറ്റൂ൪ ഏരിയാ കമ്മിറ്റിക്ക് അവകാശപ്പെട്ട തസ്തികയിലേക്ക് ലോക്കൽ കമ്മിറ്റി അംഗം മുജീബ്റഹ്മാൻെറ പേരാണ് ഏരിയാ കമ്മിറ്റി ഐകകണ്ഠ്യേന നി൪ദേശിച്ചത്. എന്നാൽ, ആറ് മാസം മുമ്പ് ചേ൪ന്ന ജില്ലാ സെക്രട്ടേറിയറ്റ്, ഏരിയാ കമ്മിറ്റി നി൪ദേശിച്ചയാളെ ഒഴിവാക്കി മുൻ എം.എൽ.എയുടെ ഡ്രൈവറെ നിയമിക്കാൻ തീരുമാനിച്ചു.
ഇതിനെതിരെ ഏരിയാ കമ്മിറ്റി രംഗത്ത് വന്നതോടെ തീരുമാനം അന്ന് മരവിപ്പിച്ച് നി൪ത്തുകയായിരുന്നു. ഒരു വ൪ഷം മുമ്പ് നിലവിൽ വന്ന ഒഴിവിലേക്കുള്ള നിയമനം ജില്ലാ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുട൪ന്ന് നീളുകയായിരുന്നു. മേലാറ്റൂ൪ ഏരിയാ കമ്മിറ്റി യോഗം വ്യാഴാഴ്ച പെരിന്തൽമണ്ണ പാ൪ട്ടി ഓഫിസിൽ കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടിയുടെ സാന്നിധ്യത്തിൽ ചേ൪ന്നു. നിയമന കാര്യത്തിൽ നേരത്തെ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം പാലോളി റിപ്പോ൪ട്ട് ചെയ്തെങ്കിലും ഏരിയാ കമ്മിറ്റി അംഗങ്ങൾ എതി൪പ്പുമായി രംഗത്തുവന്നു. ജില്ലാ കമ്മിറ്റി തീരുമാനം അംഗീകരിക്കണമെന്ന് പാലോളി യോഗത്തിൽ നി൪ദേശിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി പി.പി വാസുദേവൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ സി. ദിവാകരൻ, വി. ശശികുമാ൪, സി.എച്ച്. ആഷിഖ്, വി. രമേശൻ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഏരിയാ കമ്മിറ്റി തീരുമാനം അട്ടിമറിക്കപ്പെട്ടതിന് പിന്നാലെ, ഏരിയാ ക൪ഷക സംഘം സെക്രട്ടറി നാണു മാസ്റ്റ൪ നാല് മാസത്തെ അവധിക്ക് അപേക്ഷ നൽകി. ജില്ലാ കമ്മിറ്റിയുടെ നിലപാടിലുള്ള പ്രതിഷേധമാണ് അവധിക്ക് കാരണമെന്നാണ് സൂചന. ജനുവരി ഒന്നിന് തസ്തികയിലേക്ക് ഇൻറ൪വ്യു നടത്തി നിയമനം നടത്താൻ ശ്രമം നടക്കുന്നതിനിടെയാണ് പാ൪ട്ടി ജില്ലാ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും ഏറ്റുമുട്ടലിലെത്തിയത്. നടപടിക്കെതിരെ മഹിളാ നേതാവ് ഉൾപ്പെടെയുള്ളവ൪ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി തീരുമാനം തിരുത്തിയില്ലെങ്കിൽ പരസ്യമായി രംഗത്തുവരാനാണ് ഏരിയ കമ്മിറ്റി അംഗങ്ങളിൽ ചിലരുടെ നീക്കം. ജില്ലാ കമ്മിറ്റി അംഗം ഇല്ലാത്ത ഏക ഏരിയാ കമ്മിറ്റി കൂടിയാണ് മേലാറ്റൂ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.