കോഴിക്കോട്: ഹോട്ടലുകൾക്കു പിന്നിലെ ഒഴിഞ്ഞ പറമ്പിൽ കക്കൂസ് ടാങ്കിൽനിന്ന് പതിവായി മാലിന്യം പമ്പുചെയ്യുന്ന അവസ്ഥകണ്ട് റവന്യൂ സംഘം അമ്പരന്നു. വെള്ളിമാട്കുന്ന് ജങ്ഷനിൽ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ക്യാമ്പിനടുത്താണ് അപരിഷ്കൃത മനുഷ്യരെപ്പോലും നാണിപ്പിക്കുന്ന രീതിയിൽ കക്കൂസ് മാലിന്യം ‘സംസ്കരി’ക്കുന്നത്.
ലേബ൪ ക്യാമ്പിനോടനുബന്ധിച്ച് നി൪മിച്ച കക്കൂസ് ടാങ്കിൽ പമ്പ്സെറ്റ് സ്ഥാപിച്ചാണ് മാസംതോറും മാലിന്യം നീക്കുന്നത്. സ്വന്തം പറമ്പാണെന്ന് കരുതി എന്തും ചെയ്യാമെന്ന ധാരണയിലായിരുന്നു ഉടമസ്ഥൻ. മാസംതോറും മാലിന്യം പറമ്പിലേക്ക് പമ്പുചെയ്ത് അതിനു മുകളിൽ മണ്ണ് വിതറുകയാണ് ഇവിടത്തെ രീതി. മൂന്നു ഹോട്ടലുകളാണ് ഈ മാലിന്യപ്പറമ്പിനു സമീപം പ്രവ൪ത്തിക്കുന്നതെന്ന് ചൊവ്വാഴ്ച ഡെപ്യൂട്ടി തഹസിൽദാ൪ തയാറാക്കിയ റിപ്പോ൪ട്ടിൽ പറയുന്നു. നാടുവിഴുങ്ങാൻ പാകത്തിൽ രോഗാണുക്കളെ വള൪ത്തുന്ന കേന്ദ്രമായി വെള്ളിമാട്കുന്ന് മാറിയെന്നാണ് ആരോഗ്യവകുപ്പ് അധികൃത൪ക്കും റവന്യൂ സംഘത്തിനും ബോധ്യപ്പെട്ടത്.
അന്യസംസ്ഥാന തൊഴിലാളികളെ പൊതുജനാരോഗ്യത്തിന് ഭീഷണിയാവുംവിധം താമസിപ്പിച്ചതിനെതിരെ ജനരോഷമുയ൪ന്നപ്പോഴാണ് കഴിഞ്ഞദിവസം കലക്ട൪ സ്ഥലം സന്ദ൪ശിച്ചത്. അദ്ദേഹത്തിൻെറ ഉത്തരവുപ്രകാരം ഇന്നലെ വൈകുന്നേരത്തോടെ വിശദ റിപ്പോ൪ട്ട് തയാറാക്കാൻ ഡെപ്യൂട്ടി തഹസിൽദാ൪ ഏലിയാസിൻെറ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. പൂളക്കടവ് ചാത്തൻകുളങ്ങര ക്ഷേത്രത്തിനടുത്ത് രഘൂത്തമൻ, പ്രകാശൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ക്യാമ്പിൽ അനധികൃതമായി 500ഓളം പേരെ താമസിപ്പിച്ചതായി റവന്യൂ സംഘം കണ്ടെത്തി. അമ്മോത്ത് ജങ്ഷനിലെ നസ്മത്ത് ഭവൻ നഴ്സറിക്കടുത്ത രവീന്ദ്രൻ, രഘൂത്തമൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ക്യാമ്പ്, പൂളക്കടവ് സ്കൂളിനടുത്ത അബൂബക്കറിൻെറ ഉടമസ്ഥതയിലുള്ള ക്യാമ്പ്, പനങ്ങോട്ട് താഴത്ത് എ.എസ്. കോയ, പി.ടി. അഷ്റഫ് എന്നിവ൪ നടത്തുന്ന ക്യാമ്പ്, വെള്ളിമാട്കുന്ന് പള്ളിക്കു പിന്നിൽ സിറാജ്, മൊയ്തീൻകോയ എന്നിവ൪ നടത്തുന്ന ക്യാമ്പ്, പുത്തലത്ത് മജീദ് നടത്തുന്ന ക്യാമ്പ്, പൂളക്കടവ് ജങ്ഷനിലെ അബ്ദുല്ല നടത്തുന്ന ക്യാമ്പ് എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച ഉദ്യോഗസ്ഥ൪ വിശദ പരിശോധന നടത്തിയത്. ഇതിൽ ചില ക്യാമ്പുകൾ അടച്ചുപൂട്ടി താക്കോൽ തഹസിൽദാ൪ക്ക് കൈമാറാൻ ഉത്തരവിട്ടു.
ചേവായൂ൪ വില്ലേജ് ഓഫിസ൪ ഹരീഷ്, എസ്.വി.ഒ ഗിരീഷ്കുമാ൪, വില്ലേജ് അസിസ്റ്റൻറ് ബ്രിട്ടോ, കോ൪പറേഷൻ ഹെൽത് ഇൻസ്പെക്ട൪ ഷജിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.