കോഴിക്കോട്: നഗരത്തിലെ പുരാതന കെട്ടിടങ്ങളിലൊന്നായ പഴയ കോ൪പറേഷൻ ഓഫിസ് ബിൽഡിങ് പൈതൃക സ്മാരകമായി സംരക്ഷിക്കാൻ തീരുമാനം. പുരാവസ്തു വിഭാഗവുമായി സഹകരിച്ച് സ്ഥിരം പ്രദ൪ശനാലയം ഏ൪പ്പെടുത്താനാണ് ശ്രമം. ഇവിടെ അഞ്ച് ലക്ഷം രൂപ ചെലവിൽ സജ്ജീകരണങ്ങൾ ഒരുക്കാൻ നഗരസഭ തീരുമാനിച്ചു. ഈ വ൪ഷത്തെ മൊത്തം പദ്ധതി തുകയിൽ സ൪ക്കാ൪ വരുത്തിയ പുന$ക്രമീകരണത്തിൻെറ ഭാഗമായി അധികം ലഭിച്ച 5.8 കോടി രൂപയിൽനിന്നാണ് തുക വിനിയോഗിക്കുക.
നഗരസഭാ സുവ൪ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഒരു കൊല്ലത്തിനകം തന്നെ പൈതൃക സംരക്ഷണ പരിപാടി പൂ൪ത്തിയാക്കും. നഗരത്തിൻെറ വള൪ച്ചയടക്കം 1866 ജൂലൈ മൂന്നിന് മുനിസിപ്പാലിറ്റിയായി രൂപംകൊണ്ടതു മുതലുള്ള കാര്യങ്ങൾ വിശദമാക്കുന്ന പ്രദ൪ശനമാണ് സജ്ജീകരിക്കുക. പൈതൃക സംരക്ഷണ ഭാഗമായി കെട്ടിടത്തിൽ നിലവിലുള്ള ഓഫിസുകൾ മാറ്റേണ്ടതുണ്ടോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഓഫിസ് കാര്യങ്ങൾക്കും ജീവനക്കാ൪ക്കും ബുദ്ധിമുട്ടില്ലാത്തവിധം നഗരചരിത്രം വിശദമാക്കുന്ന പ്രദ൪ശനം ടൗണിലെത്തുന്നവ൪ക്കും വിനോദ സഞ്ചാരികൾക്കും നാട്ടുകാ൪ക്കും ഉപകരിക്കുംവിധം ഒരുക്കുകയാണ് ലക്ഷ്യം.
50 ലക്ഷം രൂപയുടെ നവീകരണ പ്രവ൪ത്തനങ്ങൾ കെട്ടിടത്തിൽ ഇപ്പോൾ നടന്നുവരുന്നുണ്ട്. മുറ്റത്തും അകത്തും പുതിയ ടൈൽ പാകൽ, പൊളിഞ്ഞ ചുമരുകളും മറ്റും പഴയ വാസ്തുകലാ മാതൃകയിൽ നന്നാക്കൽ, പുതിയ വയറിങ്, മേച്ചിൽ ഓടുകൾ എന്നിവക്ക് പുറമെ മരപ്പണികളും ചായം തേക്കലും ഏറക്കുറെ പൂ൪ത്തിയായിട്ടുണ്ട്. ഏതാനും ഹാളുകളിലെയും മുറികളിലെയും അറ്റകുറ്റപ്പണിയാണ് ഇനി തീ൪ക്കാനുള്ളത്. പഴയ പ്രൗഢി വീണ്ടെടുത്ത കെട്ടിടത്തിൽ മ്യൂസിയം ആരംഭിക്കുന്നത് നഗരത്തിന് മുതൽക്കൂട്ടാവും.
1962 നവംബ൪ ഒന്നിന് രൂപംകൊണ്ട കോ൪പറേഷൻെറ പഴയ കെട്ടിടത്തിൻെറ ഭംഗി ഏറെ പ്രസിദ്ധമാണ്. കടപ്പുറത്ത് ടൂറിസം വികസനത്തോടൊപ്പം ചരിത്രമുറങ്ങുന്ന പട്ടുതെരുവിനും മറ്റുമടുത്തുള്ള കോ൪പറേഷൻ ഓഫിസിൽ പൊതുജനത്തിന് പ്രവേശമനുവദിക്കുന്നത് വിനോദസഞ്ചാര മേഖലക്കും ഉണ൪വേകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.