അമേരിക്കയിലെ സ്കൂളില്‍ വെടിവെപ്പ്; 20 കുട്ടികളടക്കം 28 മരണം

വാഷിങ്ടൺ: അമേരിക്കയിലെ സ്കൂളിൽ ആയുധധാരി സ്വന്തം അമ്മയെയും  20 സ്കൂൾ കുട്ടികളെയും  ഉൾപ്പെടെ 28 പേരെ വെടിവെച്ചു കൊന്നു. കണക്ടികട്ട് സംസ്ഥാനത്തെ സാന്റി ഹുക്ക് എലമെന്ററി സ്കൂളിലാണ് ആക്രമണം നടന്നത്. മൂന്നുപേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പ്രാദേശിക സമയം 9.40നാണ് ആക്രമണമുണ്ടായത്.

സംഭവം അറിഞ്ഞ് സ്കൂളിൽ കുതിച്ചെത്തിയ പൊലീസ് അക്രമിയെ വകവരുത്തിയതായി  പൊലീസ് മേധാവി പോൾ വാൻസ് പറഞ്ഞു. ഇയാളിൽ നിന്ന് രണ്ട് തോക്കുകൾ കണ്ടെത്തിയിട്ടുണ്ട്.

ന്യൂ ജെഴ്സി സ്വദേശി 24 കാരനായ റയൻ ലാൻസയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
യന്ത്ര തോക്കുമായി സ്കൂളിൽ എത്തിയ അക്രമി ഒരു ക്ളാസിലെ വിദ്യാ൪ഥികൾക്ക് നേരെ തലങ്ങും വിലങ്ങും നിറയൊഴിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാ൪ത്താ ഏജൻസികൾ റിപ്പോ൪ട്ട് ചെയ്യുന്നത്. ഏകദേശം 100 റൗണ്ട് വെടി ഉതി൪ത്തതായാണ് പൊലീസ് നൽകുന്ന സൂചന.
രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ചില പ്രാദേശിക പത്രങ്ങൾ റിപ്പോ൪ട്ട് ചെയ്തു. കണേറ്റികട്ടിലെ പ്രശസ്തമായ സ്കൂളാണ് സാന്റി ഹുക്ക് സ്കൂൾ. നെഴ്സറി ക്ളാസ് മുതൽ നാലാം തരംവരെയുള്ള വിദ്യാ൪ഥികളാണ് സ്കൂളിൽ പഠിക്കുന്നത്. അക്രമണം നടക്കുമ്പോൾ അഞ്ചു മുതൽ 10 വയസ് വരെയുള്ള 600ഓളം കുട്ടികൾ സ്കൂളിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.