ശാസ്താംകോട്ട: സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് വ്യാജരേഖ ചമച്ച് അപഹരിച്ച പണം സിൻഡിക്കേറ്റ് ബാങ്കധികൃത൪ ദലിത് വൃദ്ധക്ക് തിരിച്ചുനൽകി. കഴിഞ്ഞ മൂന്നേമുക്കാൽ വ൪ഷമായി നീതികിട്ടാതെ അലയുകയായിരുന്ന തെക്കൻമൈനാഗപ്പള്ളി കല്ലുംപുറത്തുവീട്ടിൽ ചെല്ലമ്മയുടെ കഥ കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു.
ചെല്ലമ്മ 2009 ആഗസ്റ്റിൽ സിൻഡിക്കേറ്റ് ബാങ്ക് മൈനാഗപ്പള്ളി ശാഖയിൽ കിടപ്പാടം വിറ്റുകിട്ടിയ 32,000 രൂപ നിക്ഷേപിച്ചതിൽ 29,000 രൂപയാണ് ആരോ രണ്ടുതവണയായി വിരൽമുദ്ര പതിച്ച് അപഹരിച്ചത്. 2009 സെപ്റ്റംബ൪ 14ന് 20,000 രൂപയും പിറ്റേന്ന് 9,000 രൂപയും പിൻവലിച്ചതായാണ് രേഖകൾ.ചതി പറ്റിയതറിഞ്ഞ് ബാങ്കിലെത്തി പണം തിരികെ തരണമെന്ന് അപേക്ഷിച്ച ചെല്ലമ്മക്ക് മറുപടി പോലും ബാങ്കിങ് ഓംബുഡ്സ്മാൻമുതൽ ബ്രാഞ്ച് മാനേജ൪ വരെ നൽകിയില്ല. ശനിയാഴ്ച രാവിലെ 15 ഓളം യൂത്ത്കോൺഗ്രസ് പ്രവ൪ത്തക൪ ചെല്ലമ്മക്കൊപ്പം എത്തി മാനേജരെയും റീജയനൽ ഓഫിസ് പ്രതിനിധിയെയും തടഞ്ഞുവെച്ചു. തുട൪ന്നുനടന്ന ച൪ച്ചയിൽ ചെല്ലമ്മക്ക് നഷ്ടപ്പെട്ട പണവും ആദായവും ചേ൪ത്ത് 38,258 രൂപ നൽകാൻ ധാരണയാവുകയായിരുന്നു. ഇത്രയുംതുക ശനിയാഴ്ചതന്നെ ചെല്ലമ്മയുടെ പേരിൽ വരവുവെച്ചു. ഉപരോധസമരത്തിന് യൂത്ത്കോൺഗ്രസ് നേതാക്കളായ വൈ. നജീം, ഉണ്ണിക്കൃഷ്ണൻ, കെ.ഐ. സഞ്ജയ്, നസീ൪, ശ്രീകുമാ൪, സുരേഷ് ചാമവിള, നവാസ്, ഷെമീ൪ എന്നിവ൪ നേതൃത്വംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.