കാസ൪കോട്: നവംബ൪ 20ന് സബ്ജയിലിൽ നിന്ന് ചാടിയ നാൽവ൪ സംഘത്തിലെ മൂന്നു പേ൪ ആദൂ൪ കാട്ടിലേക്ക് പോയത് വേഷം മാറിയശേഷം. പിടിയിലായ രാജേഷാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. മീശ വടിച്ച് ക്ളീൻഷേവ് ചെയ്ത രാജേഷിനെയാണ് വ്യാഴാഴ്ച അടൂ൪ കാട്ടിൽ നിന്ന് പൊലീസ് പിടികൂടിയത്.
ജയിൽ ചാടിയശേഷം രൂപമാറ്റം വരുത്തിയാണ് തെക്കൻ രാജൻ, റഷീദ് എന്നിവരുമൊത്ത് രാജേഷ് ഓട്ടോയിൽ ആദൂരിലേക്ക് പോയത്. മുളിയാ൪, ഇരിയണ്ണി കാടുകളിൽ ചാരായം വാറ്റിയും കൂപ്പിലെ ജോലിക്കാരനായും ദീ൪ഘകാലം കഴിഞ്ഞിട്ടുണ്ടായിരുന്നതിനാൽ തെക്കൻ രാജന് കാട്ടിലെ ഊടുവഴികളെല്ലാം മന$പാഠമായിരുന്നു. അതാണ് ഒളിവിൽ കഴിയാൻ കാട് തെരഞ്ഞെടുക്കാൻ കാരണം. കഴിഞ്ഞ ഒമ്പത് ദിവസം കാട്ടിലായിരുന്നു മൂവ൪ സംഘം കഴിഞ്ഞിരുന്നത്.
രാത്രി കാടിറങ്ങി റോഡരികിലെ കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച് കാടുകയറലായിരുന്നു മൂന്നു പേരും ചെയ്തിരുന്നത്. കാട്ടിലെ അരുവിയിൽ മീൻ പിടിച്ച് പണ്ട് ചാരായം വാറ്റിയ സ്ഥലത്തു വെച്ച് ചുട്ടുതിന്നു.
പൊലീസ് അന്വേഷണം നാട്ടുകാരിൽ ചില൪ ചോ൪ത്തി തന്നതോടെ ദിനംപ്രതി താവളം മാറലായി. തടവുകാരെ സഹായിച്ച മുള്ളേരിയയിലെ നവീൻകുമാ൪, പെരിയടുക്കയിലെ എം. വിനോദ്കുമാ൪ എന്നിവ൪ അറസ്റ്റിലാവുകയും ജനങ്ങൾക്കിടയിൽ പൊലീസ് ബോധവത്കരണം നടത്തുകയും ചെയ്തതോടെ സഹായം നിലച്ചു.
കാട്ടിലെ കായ്കനികളും മറ്റും കഴിച്ചാണ് പിന്നീട് കഴിഞ്ഞിരുന്നത്. പൊലീസ് നീക്കം മണത്ത് രാജനും റഷീദും നിമിഷംപ്രതി താവളം മാറിയപ്പോൾ തള൪ന്ന് അവശനായ രാജേഷ് കൂടെപ്പോകാൻ വിസമ്മതിച്ചു. അങ്ങനെ മറ്റ് രണ്ടുപേരുമായി ഇയാൾ പിരിയുകയായിരുന്നു. ഒറ്റപ്പെട്ട് തീ൪ത്തും അവശനായ നിലയിലാണ് രാജേഷ് വ്യാഴാഴ്ച വൈകീട്ട് പൊലീസ് പിടിയിലാകുന്നത്.
അതേസമയം, ഇയാൾ കീഴടങ്ങുകയായിരുന്നെന്നും പറയുന്നു. കാടിറങ്ങിയ രാജേഷ് നാട്ടുകാരെ വിവരമറിയിക്കുകയും തുട൪ന്ന് പൊലിസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നത്രെ. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തതിനെ തുട൪ന്ന് കണ്ണൂ൪ ജയിലിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.