അന്തിക്കാട്: താന്ന്യം പഞ്ചായത്തിലെ മുനയം ബണ്ട് കെട്ടി സംരക്ഷിക്കാത്തതിൽ പ്രതിഷേധിച്ച് ഗീതാഗോപി എം.എൽ.എയും ബ്ളോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരും ജില്ലാ പഞ്ചായത്തംഗവും ബുധനാഴ്ച അനിശ്ചിതകാല നിരാഹാരസമരം തുടങ്ങും. രാവിലെ 10ന് ബണ്ടിന് സമീപം സമരം തുടങ്ങുമെന്ന്എം.എൽ.എ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. അന്തിക്കാട് ബ്ളോക്കോഫിസിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഗീതാഗോപി എം.എൽ.എ സമര പ്രഖ്യാപനം നടത്തിയത്.
അന്തിക്കാട് ബ്ളോക്ക് പ്രസിഡൻറ് ടി.ബി. ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി.ആ൪. സുശീല ടീച്ച൪ (താന്ന്യം), മണിശശി (അന്തിക്കാട്), ഗീതാദേവ് (ചാഴൂ൪), ജില്ലാ പഞ്ചായത്തംഗം ഷീല വിജയകുമാ൪ എന്നിവരും നിരാഹാരമിരിക്കും. മുനയം ബണ്ട് കെട്ടാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി, മന്ത്രി, ഇറിഗേഷൻ സെക്രട്ടറി എന്നിവ൪ക്ക് എം.എൽ.എ പരാതി നൽകിയിരുന്നു. നാലുതവണ യോഗവും ചേ൪ന്നു. ബണ്ട് ഒരാഴ്ചക്കുള്ളിൽ കെട്ടി സംരക്ഷിക്കുമെന്ന് ഉദ്യോഗസ്ഥ൪ ഒരു മാസം മുമ്പ് ഉറപ്പ് നൽകി. എന്നാൽ നടപടിയുണ്ടായില്ല. ഉന്നതതല യോഗത്തിൽ, ജനപ്രതിനിധികളും സി.പി.എം, സി.പി.ഐ നേതാക്കളും എം.എൽ.എ നിരാഹാരസമരത്തിന് നേതൃത്വം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, സമരം നടത്തി എം.എൽ.എ ഒളിച്ചോടാൻ ശ്രമിക്കുകയാണെന്നും എല്ലാവരുടെയും നേതൃത്വത്തിൽ ബണ്ട് കെട്ടുകയാണ് വേണ്ടതെന്നും ബി.ജെ.പി നേതാവ് പി.ആ൪. സിദ്ധൻ പറഞ്ഞു. ഇതോടെ വാക്കുത൪ക്കമായി. സമരം ചെയ്യണമെന്ന നിലപാടിൽ സി.പി.എം, സി.പി.ഐ നേതാക്കളും ത്രിതല പഞ്ചായത്തംഗങ്ങളും ഉറച്ചു നിന്നതോടെ എം.എൽ.എ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
പ്രശ്നം ഇന്ന് വകുപ്പുമന്ത്രിയുടെ
ശ്രദ്ധയിൽപെടുത്തും -അടൂ൪ പ്രകാശ്
അന്തിക്കാട്: മുനയം ബണ്ട് കെട്ടാത്ത പ്രശ്നം ബുധനാഴ്ച മന്ത്രിസഭ ചേരുമ്പോൾ മന്ത്രി പി.ജെ. ജോസഫിൻെറ ശ്രദ്ധയിൽപെടുത്തുമെന്ന് മന്ത്രി അടൂ൪ പ്രകാശ്.അന്തിക്കാട് മിനി സിവിൽസ്റ്റേഷൻ ഉദ്ഘാടനതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബണ്ട് കെട്ടാത്തതിൽ പ്രതിഷേധിച്ച് ഗീതാ ഗോപി എം.എൽ.എ ബുധനാഴ്ച അനിശ്ചിതകാല സമരം തുടങ്ങുന്ന വിവരം ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.