സ്നേഹപൂര്‍വം വി.എം. സുധീരന്...

കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍. മുന്‍ മന്ത്രി. നിലവില്‍ കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, എ.ഐ.സി.സി അംഗം. തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന് എഴുതിയ കത്തിന്‍െറ പൂര്‍ണരൂപം:
പ്രിയപ്പെട്ട പ്രസിഡന്‍റ്, ഞാന്‍ ജീവിച്ചിരിപ്പുണ്ട്. മേപ്പാടി പഞ്ചായത്തിലെ കോട്ടവയല്‍ എന്ന പ്രദേശത്തെ ഒരു കൊച്ചുവാടകവീട്ടില്‍. എന്‍െറ മൊബൈല്‍ ഫോണ്‍ നമ്പര്‍, വയനാട്ടിലെ കോണ്‍ഗ്രസിലെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് മാത്രമല്ല, സജീവപ്രവര്‍ത്തകര്‍ക്കും മിക്കവാറും ജനങ്ങള്‍ക്കും അറിയാം. ഞാന്‍ എവിടെ താമസിക്കുന്നുവെന്നും അവര്‍ക്കറിയാം. ജില്ലാതലത്തിലോ മറ്റ് വിവിധ തലത്തിലോ നടക്കുന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് പരിപാടികളെക്കുറിച്ച് കോണ്‍ഗ്രസിലെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ എന്നെ അറിയിക്കാറില്ല. സംസ്ഥാനതല ഗ്രൂപ് മാനേജര്‍മാര്‍ ജില്ലാതലത്തിലേക്കും ജില്ലാതല ഗ്രൂപ് മാനേജര്‍മാര്‍ വിവിധ തലങ്ങളിലേക്കും എന്നെ പങ്കെടുപ്പിക്കേണ്ടെന്ന നിര്‍ദേശം കൈമാറിയിട്ടുണ്ട്. ഇതുകൊണ്ടാണ് എന്നെ അറിയിക്കാത്തത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസില്‍ നടക്കുന്ന അനാരോഗ്യകരമായ ഗ്രൂപ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഞാന്‍ എന്നും ശബ്ദിച്ചുകൊണ്ടിരിക്കുന്നതിന്‍െറ വിദ്വേഷംകൊണ്ടാണ് ഇത്തരം നിര്‍ദേശം താഴെതലങ്ങളിലേക്ക് കൊടുത്തിരിക്കുന്നത്. ഞാന്‍ കൈപിടിച്ചുയര്‍ത്തിയവരും എനിക്ക് സിന്ദാബാദ് വിളിച്ചുനടന്നവരുമാണ് വയനാട്ടിലെ ഇരുഗ്രൂപ്പിലെയും ഉത്തരവാദപ്പെട്ട ഭാരവാഹികള്‍.

ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ ഉണ്ടെങ്കില്‍ മാത്രമേ പാര്‍ട്ടിപരിപാടികളിലും യു.ഡി.എഫ് പരിപാടികളിലും പങ്കെടുക്കാന്‍ കഴിയൂ എന്നതാണ് അവസ്ഥ. എന്നെ സ്നേഹിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസ്സില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനും അവരില്‍നിന്ന് എന്നെ അകറ്റാനും ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനമാണ് വയനാട്ടില്‍ നടക്കുന്നത്. രണ്ട് ഗ്രൂപ് മാനേജര്‍മാരും 2006 മുതല്‍ ചില പ്രശ്നങ്ങള്‍ കാരണം, എന്നോട് വിദ്വേഷമുള്ളവരാണെന്ന് അങ്ങേക്ക് അറിയാമല്ളോ. അതിന്‍െറ കാരണം വിശദീകരിച്ചാല്‍ അച്ചടക്കലംഘനമാവുന്നതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നുപേരെ വീതം (മൊത്തം ആറുപേരെ) രണ്ട് ഗ്രൂപ്പില്‍നിന്നും ഉള്‍പ്പെടുത്തിയതുകാരണം അങ്ങും ഈ ഗ്രൂപ്പുകള്‍ക്ക് അറിഞ്ഞോ അറിയാതെയോ അംഗീകാരം കൊടുത്തിരിക്കുകയാണ്. അതൊരു പാളിച്ചയായിപ്പോയി എന്നാണ് എന്‍െറ അഭിപ്രായം. 2006 കാലം മുതല്‍ ‘രാമചന്ദ്രന്‍ മാസ്റ്റര്‍ വയനാട്ടില്‍നിന്ന് പോയെന്നും ഇപ്പോള്‍ പേരാമ്പ്രയിലാണ് താമസമെന്നു’മാണ് പ്രചാരണം. ചില പരിപാടികളില്‍ എന്‍െറ പേര് നോട്ടീസിലടിക്കും. പക്ഷേ, എന്നെ അറിയിക്കില്ല. പരിപാടികളിലെ എന്‍െറ അസാന്നിധ്യത്തെക്കുറിച്ച് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വിമര്‍ശം നടത്തും. ഇപ്പോള്‍ ഞാന്‍ കോഴിക്കോട് സ്ഥിരതാമസമാക്കി എന്നാണ് പ്രചാരണം. പക്ഷേ, മിക്കവാറും പ്രവര്‍ത്തകര്‍ക്ക് ഞാന്‍ എവിടെ താമസിക്കുന്നുവെന്ന് അറിയാം. അവര്‍ പല ആവശ്യങ്ങള്‍ക്കും അന്നും ഇന്നും എന്നെ സമീപിക്കാറുണ്ട്. ഞാന്‍ വയനാട്ടില്‍നിന്ന് എങ്ങോട്ടും താമസംമാറ്റാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോഴും യു.ഡി.എഫിന് വോട്ടുകിട്ടുന്നതിനുവേണ്ടി വളരെ അടുത്ത ബന്ധമുള്ളവരോട് വിളിച്ചുപറയണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ബന്ധപ്പെടാറുണ്ട്. ഞാന്‍ അവരെയൊക്ക സഹായിക്കാറുമുണ്ട്. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കും എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. ഗ്രൂപ്പില്‍നിന്ന് പുറത്താക്കുന്ന സ്ഥിതിയും പാര്‍ട്ടിയില്‍ ഉണ്ടെന്ന് അങ്ങേക്ക് അറിയാമല്ളോ.

ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചില ധാര്‍മികമൂല്യങ്ങളുണ്ട്. അത് ജനപക്ഷ മൂല്യങ്ങളാണ്. അതില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ല. എന്ത് ത്യാഗം സഹിച്ചാലും അത് തുടരുകതന്നെ ചെയ്യും. പാര്‍ട്ടി നേതൃത്വം വയനാട്ടിലെ സമ്പന്നരുടെ കൈകളിലായിരുന്നു. അത് സാധാരണക്കാരുടെ കൈയിലത്തെിക്കാന്‍ ഞാന്‍ വഹിച്ച പങ്കും കോണ്‍ഗ്രസുകാര്‍ക്കറിയാം. പാര്‍ട്ടിയെ അനുദിനം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ചില ഉന്നതന്മാരുടെ അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാര്‍ട്ടിക്കകത്ത് എന്‍െറ എതിര്‍പ്പ് തുടരുകതന്നെ ചെയ്യും; എന്‍െറ പരിമിതികള്‍ ഉപയോഗിച്ച്.
എന്ന്, ഒപ്പ്
കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍
കല്‍പറ്റ
21-10-2015  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.