സ്ഥാനാര്‍ഥിയുടെ ചിഹ്നം മാറ്റി; റിട്ടേണിങ് ഓഫിസര്‍ക്കെതിരെ പരാതി

മഞ്ചേരി: രണ്ട് റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കുകയും വോട്ടഭ്യര്‍ഥിച്ചുള്ള കത്ത് വിതരണം ചെയ്യുകയും വാര്‍ഡില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്ത ശേഷം അനുവദിച്ച ചിഹ്നം റിട്ടേണിങ് ഓഫിസര്‍ പിന്‍വലിച്ചതായി പരാതി. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് പഴേടത്ത് യു.ഡി.ഫ് സ്വതന്ത്രി സി. റീജയുടെ ചിഹ്നമാണ് മാറ്റിയത്. ആദ്യം നല്‍കിയ ചിഹ്നം ആണ്‍കുട്ടിയും പെണ്‍കുട്ടിയുമായിരുന്നു. മുന്‍ വര്‍ഷം വാര്‍ഡില്‍ യു.ഡി.എഫ് ഇതേ ചിഹ്നത്തിലാണ് മത്സരിച്ചതെന്നതിനാല്‍ സ്ഥാനാര്‍ഥിയും ചീഫ് ഏജന്‍റും ആവശ്യപ്പെട്ടതനുസരിച്ചാണ് ചിഹ്നം അനുവദിച്ചത്.

എന്നാല്‍, റിട്ടേണിങ് ഓഫിസര്‍ വെള്ളിയാഴ്ച വിളിച്ചാണ് ചിഹ്നം തെരഞ്ഞെടുപ്പ് കമീഷന്‍െറ സൈറ്റില്‍ ഇല്ലാത്തതാണെന്ന് പറഞ്ഞത്. അതിനാല്‍, സ്ഥാനാര്‍ഥി മുന്‍ഗണനാ ക്രമത്തില്‍ രണ്ടാമതായി നല്‍കിയ ടെലിവിഷന്‍ ചിഹ്നം അനുവദിച്ചു. ഇക്കാര്യം പരിശോധിക്കേണ്ടത് റിട്ടേണിങ് ഓഫിസറാണെന്നിരിക്കെ ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് സ്ഥാനാര്‍ഥിയും ചീഫ് ഏജന്‍റും ആരോപിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി.

ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചിഹ്നം കിട്ടാത്തതിനാല്‍ പ്രസില്‍ പറഞ്ഞ് അടിപ്പിക്കുകയായിരുന്നു. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പുതിയ ചിഹ്നം വോട്ടര്‍മാരെ പരിചയപ്പെടുത്താന്‍ ഓടി നടക്കുകയാണ് സ്ഥാനാര്‍ഥിയും കൂട്ടരും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.