വലനിറയെ കണ്ണീരും ദു:ഖവും...

തൃശൂര്‍: ‘കടലിനക്കരെ പോണോരെ, കാണാപൊന്നിന് പോണോരേ, പോയ് വരുമ്പോള്‍ എന്ത് കൊണ്ടുവരും’ എന്ന് കവി ചോദിച്ചപ്പോള്‍ അതില്‍ നിറഞ്ഞത് കടലില്‍ തോണിയുമായി പോകുന്നവര്‍ വാരിക്കൊണ്ടു വരുന്ന നിധിയെപ്പറ്റിയുള്ള പ്രതീക്ഷകളായിരുന്നുവെങ്കില്‍ ഇന്ന് വലയില്‍ നിറയുന്നത് മത്സ്യമല്ല, വിശപ്പും അവഗണനയുമാണ്. സര്‍ക്കാറും ത്രിതല പഞ്ചായത്ത് സമിതികളും മാറി വരുമ്പോഴും കോരന് കഞ്ഞി കുമ്പിളില്‍ എന്ന നിലയിലാണ് മത്സ്യത്തൊഴിലാളിയുടെ ജീവിതം. തെരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാന പ്രളയം വോട്ട്  കഴിയുന്നതോടെ  ജലരേഖയാവും. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി പല പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും അവസാന ഗുണഭോക്താവായി എത്തുന്നത് വമ്പന്‍ മുതലാളിമാരായിരിക്കും.

ആരോട് പരാതി പറയാന്‍, പറഞ്ഞിട്ടും കാര്യമില്ളെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍. തങ്ങളുടെ പേരില്‍ അനുവദിക്കപ്പെടുന്ന സൗജന്യ റേഷന്‍ പോലും അധികൃത-സമ്പന്ന വര്‍ഗം മറിച്ച് വില്‍ക്കുമ്പോള്‍ നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. വിദേശിയുള്‍പ്പെടെ വമ്പന്മാര്‍ വന്ന് കടല്‍ വാരുമ്പോള്‍ അതിജീവനത്തിനായി കടലിലുഴലുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ കുറേ മനുഷ്യര്‍. തെരഞ്ഞെടുപ്പ് വരും പോകും അപ്പോഴും നാളെ എന്താകുമെന്ന വ്യാകുലതയോടെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണിവര്‍. മത്സ്യത്തൊഴില്‍ മേഖലയിലെ ജീവിത ദുരിതങ്ങളിലൂടെ ‘മാധ്യമം’ നടത്തിയ യാത്ര...
ആശങ്കയുടെ ചുഴിയില്‍
വമ്പന്മാര്‍ മത്സ്യസമ്പത്ത് കൊള്ളയടിക്കുമ്പോള്‍ അതിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന മത്സ്യത്തൊഴിലാളികളുടെ മുഖമാണ് നാട്ടികയിലും ചാവക്കാട്ടും കൊടുങ്ങല്ലൂരിലും ചേര്‍പ്പിലും വാടാനപ്പള്ളിയിലുമൊക്കെയുള്ളത്. മത്സ്യസമ്പത്തിലുണ്ടായ സാരമായ കുറവാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രശ്നം. ആധുനിക യന്ത്രവത്കൃത ബോട്ടുകളുപയോഗിച്ചുള്ള മീന്‍ പിടിത്തമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിച്ച് ബോട്ടുകള്‍ അനധികൃത മീന്‍ പിടിത്തം പതിവാക്കിയിരിക്കുകയാണ്. ദിവസങ്ങളോളം കടലില്‍ തമ്പടിച്ച് അവര്‍ മത്സ്യസമ്പത്ത് കൊള്ളയടിക്കുമ്പോള്‍ ചെറിയ തോണിയില്‍ മീന്‍പിടിക്കാന്‍ പോകുന്നവരുടെ അന്നമാണ് മുട്ടുന്നത്. മുന്‍കാലങ്ങളില്‍ വേനല്‍ക്കാലത്ത് കിട്ടിയിരുന്ന അയല, ചാള പോലുള്ള മത്സ്യങ്ങള്‍ ബോട്ടുകാര്‍ നശിപ്പിക്കുകയാണ്. ബോട്ടുകള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വലകള്‍ നശിപ്പിക്കുന്നതും പതിവാണ്.
ബോട്ടുകളിലെ രാത്രികാല മീന്‍പിടിത്തത്തിന് വിലക്കും ട്രോളിങ് നിരോധവുമെല്ലാം നിലവിലുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ടിലെ തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷവും ഈ തൊഴില്‍ മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. തീരത്തിന് അടുത്തുവരെ വന്ന് ബോട്ടുകള്‍ മീന്‍പിടിക്കാറുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതുസംബന്ധിച്ച് പരാതിപ്പെട്ടാല്‍ പൊലീസും തീരസേനയുമൊന്നും നടപടിയെടുക്കാറില്ല.
കബളിപ്പിക്കപ്പെടലിന്‍െറ കയത്തില്‍
മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ സഹായങ്ങളും നിരവധി പദ്ധതികളും പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും അതൊന്നും അര്‍ഹരായവര്‍ക്ക് ലഭിക്കാറില്ല. വള്ളം വാങ്ങുന്നതിനും സ്വയംതൊഴില്‍ കണ്ടത്തെുന്നതിനും സഹകരണസംഘങ്ങള്‍ വഴി വായ്പ ലഭ്യമാണെങ്കിലും അതിനേക്കാള്‍ നല്ലത് ബ്ളേഡ് പലിശക്ക് പണം കടം വാങ്ങുന്നതാണെന്ന അഭിപ്രായമാണ് മത്സ്യത്തൊഴിലാളികള്‍ക്ക്. അരിമില്‍, അച്ചാര്‍ നിര്‍മാണം എന്നീ പേരുകളില്‍ സ്വയംസംരംഭങ്ങള്‍ക്ക് തുച്ഛമായ തുക നല്‍കുന്നുണ്ടെങ്കിലും അതിനും തങ്ങള്‍ വന്‍തുക ചെലവാക്കണമെന്ന് അവര്‍ പറയുന്നു.

മത്സ്യത്തൊഴിലാളികളുടെ പേരില്‍ പല പദ്ധതികളും പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും അതെല്ലാം വന്‍മുതലാളിമാരുടെ കൈകളിലാണ് എത്തുന്നത്. തങ്ങളുടെ പേരിലുള്ള റേഷന്‍ അരിയും മണ്ണെണ്ണയുമെല്ലാം ഇത്തരം കുത്തകകള്‍ കൊള്ളയടിക്കുകയാണെന്നും അവര്‍ പറയുന്നു. കടല്‍ക്ഷോഭം മൂലം പ്രതിവര്‍ഷം വന്‍നാശമാണ് മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്നത്. അതിന് പരിഹാരം കാണാന്‍ നടപടിയില്ല. കടല്‍ഭിത്തി നിര്‍മാണത്തിലെ അശാസ്ത്രീയതയും അഴിമതിയുമാണ് ഇതിന് കാരണമായി മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. ജനകീയാസൂത്രണത്തിന്‍െറ ഭാഗമായി 2,000 രൂപയുടെ വല വളരെ കുറച്ചുപേര്‍ക്ക് ലഭിക്കാറുണ്ട്. മറ്റ് സഹായങ്ങളൊന്നും ലഭിക്കുന്നില്ളെന്ന് അവര്‍ പറയുന്നു. ഒരു കിലോക്ക് 700 മുതല്‍ 1,000 രൂപ വരെയുള്ള നൂലുകള്‍ 50 കിലോയിലധികം വാങ്ങിയാണ് വല നിര്‍മിക്കുന്നത്. ഇത്തരത്തില്‍ പതിനായിരക്കണക്കിന് രൂപ ചെലവാക്കി നിര്‍മിക്കുന്ന വലകള്‍ ബോട്ട്കയറിയും മറ്റും നശിക്കുമ്പോഴും തൊഴിലാളികള്‍ നിസ്സഹായരാണ്.
പ്രതീക്ഷയുടെ തിരമാലകള്‍
പ്രതിസന്ധി രൂക്ഷമാകുമ്പോഴും മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷകള്‍ കൈവെടുന്നില്ല. കാര്‍ഷിക -മത്സ്യമേഖലകള്‍ക്ക് സംയുക്തമായാണ് കേന്ദ്രഫണ്ട് ഉള്‍പ്പെടെ ലഭ്യമാക്കാറുള്ളത്. ആ രീതിക്ക് മാറ്റം വരണമെന്ന് നാട്ടികയിലെ മത്സ്യബന്ധന തൊഴിലാളികളായ കുട്ടനും മനോജും ആവശ്യപ്പെടുന്നു. ഇപ്പോള്‍ ഈ മേഖലകള്‍ക്കായി അനുവദിക്കുന്ന തുകയുടെ സിംഹഭാഗവും കാര്‍ഷികമേഖലക്ക് മാത്രമായാണ് പോകുന്നത്.
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പദ്ധതികള്‍ സുതാര്യമാക്കണം. വലകള്‍ ഉള്‍പ്പെടെ നല്‍കുമ്പോള്‍ അത് നിയന്ത്രണങ്ങളില്ലാതെ അര്‍ഹരായ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കിയാല്‍ ഈ മേഖല രക്ഷപ്പെടും. തങ്ങളുടെ ഇടയില്‍ നിന്നുള്ളവര്‍ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലുള്‍പ്പെടെ മത്സരിക്കുന്നുണ്ടെങ്കിലും ജയിച്ചുകഴിയുമ്പോള്‍ അവര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ മറന്നുപോകുന്നുവെന്ന് തൊഴിലാളികള്‍ പരിതപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.