രാഷ്ട്രീയക്കാര്‍ കണ്ണടച്ചപ്പോള്‍ അരാഷ്ട്രീയം വിരുന്നെത്തി

കൊച്ചി: ജനകീയ പ്രശ്നങ്ങളോട് രാഷ്ട്രീയക്കാര്‍ പുലര്‍ത്തിയ അവഗണന അരാഷ്ട്രീയ കക്ഷികള്‍ക്ക് വളമായി. കോര്‍പറേറ്റുകളുടെ പിന്തുണയോടെ പഞ്ചായത്ത് ഭരണം പിടിക്കാനുള്ള ശ്രമത്തിന് അരാഷ്ട്രീയ സംഘടനകള്‍ക്ക് ധൈര്യം നല്‍കുന്നിടത്തോളം കാര്യങ്ങള്‍ എത്തുകയും ചെയ്തു. കിഴക്കമ്പലത്ത് സംഭവിച്ചതും ഇതാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ക്കെല്ലാം വെല്ലുവിളി ഉയര്‍ത്തി കിറ്റെക്സ് ഗ്രൂപ്പിന്‍െറ പിന്തുണയോടെ ട്വന്‍റി 20 എന്ന സംഘടന പഞ്ചായത്തിലെ 19 വാര്‍ഡിലും വാഴക്കുളം ബ്ളോകിലെ മൂന്ന് ഡിവിഷനുകളിലും ജില്ലാ പഞ്ചായത്തിലെ ഒരു ഡിവിഷനിലും മത്സരിക്കുകയാണ്. കടുത്ത മത്സരം കാഴ്ചവെക്കുന്നുമുണ്ട്.

കിഴക്കമ്പലത്തെ വലച്ച കുടിവെള്ള പ്രശ്നത്തോടും ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പനശാല മാറ്റണമെന്ന ജനകീയ ആവശ്യത്തോടും രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ണടച്ചതാണ്  സംഘടനയുടെ വളര്‍ച്ചക്ക് കളമൊരുക്കിയത്. ഒപ്പം വിലക്കയറ്റത്തില്‍നിന്ന് ആശ്വാസം നല്‍കാന്‍ കമ്പനിയുടെ സാമൂഹിക സുരക്ഷ ഫണ്ട് ഉപയോഗിക്കുകകൂടി ചെയ്തതോടെ വളര്‍ച്ച എളുപ്പമായി. മദ്യശാല ഒഴിയണമെന്ന് ആവശ്യപ്പെട്ട് കെട്ടിടമുടമ ഉള്‍പ്പെടെയുള്ളവര്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അനുകൂലിച്ചില്ല. ട്വന്‍റി 20 സമരത്തിന് മുന്നിട്ടിറങ്ങി. തുടര്‍ന്ന് നടത്തിയ കണ്‍വെന്‍ഷനില്‍ പഞ്ചായത്തിലെ 24000 വോട്ടര്‍മാരില്‍ 17000 പേരും എത്തിയെന്ന് സംഘടന അവകാശപ്പെടുന്നു. പതിനായിരത്തിലധികം പേരുണ്ടായെന്ന് രാഷ്ട്രീയ നേതാക്കളും സമ്മതിക്കുന്നു.

എന്നാല്‍, ഇതെല്ലാം ഭാവിയില്‍ കമ്പനി താല്‍പര്യത്തിന് പഞ്ചായത്ത് നിലപാടുകള്‍ തടസ്സമാകാതിരിക്കാനുള്ള മുന്‍കരുതലാണെന്നാണ് പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസ് വിശദീകരിക്കുന്നത്. മലിനീകരണ വുമായി ബന്ധപ്പെട്ട ജനരോഷം തടയാനാണ് പകുതിവിലക്ക് സാധനങ്ങള്‍ നല്‍കുന്നതടക്കമുള്ള നീക്കം.  ഡൈയിങ് ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍നിന്നുള്ള മലിനീകരണത്തിനെതിരെ പഞ്ചായത്ത് നടപടി കൈക്കൊണ്ടിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യവകുപ്പ് തുടങ്ങിയവയെല്ലാം  വിഷയത്തില്‍ പഞ്ചായത്ത് നിലപാടിന് ഒപ്പമായിരുന്നു. ഉല്‍പാദനം അഞ്ചുമടങ്ങാക്കാന്‍ കമ്പനി നീക്കം തുടങ്ങിയിട്ടുണ്ട്. ഇതോടെ മലിനീകരണവും വര്‍ധിക്കും. ഈ സാഹചര്യത്തില്‍ ഇടപെടല്‍ ഉണ്ടാകാതിരിക്കാനാണ് ഭരണം പിടിക്കാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

സി.പി.എമ്മും ഇതിനോട് യോജിക്കുന്നു. നീക്കം വിജയിച്ചാല്‍ സംസ്ഥാനത്തെ മറ്റ് കോര്‍പറേറ്റ് സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരും. അതു കൊണ്ടുതന്നെ നീക്കം വിജയിക്കരുതെന്ന വാശിയിലാണ് രാഷ്ട്രീയ കക്ഷികള്‍.  കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ തുടങ്ങിയവയെല്ലാം  പോരാട്ടത്തിന് ഇറങ്ങുന്നുണ്ട്.  സി.പി.ഐയുടെ ഒരുവിഭാഗം ട്വന്‍റി 20ക്ക് ഒപ്പമാണ്. 20ല്‍ 17 സീറ്റ് നേടി യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.