എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ: കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തം

കുന്നംകുളം: നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്തുണക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ കടുത്ത പ്രതിഷേധം. 35ാം വാര്‍ഡായ ആലത്തൂരില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സി.ഡി.എസ് ചെയര്‍പേഴ്സന്‍ ഷീബ ബിജുവിനെ പിന്തുണക്കാനുള്ള യു.ഡി.എഫ് നീക്കമാണ് പ്രവര്‍ത്തകരുടെ അമര്‍ഷത്തിനിടയാക്കിയത്. യു.ഡി.എഫിന്‍െറ പൊതുതീരുമാനമല്ളെന്നും കോണ്‍ഗ്രസിലെ ചില നേതാക്കള്‍ മാത്രമെടുത്തതാണെന്നുമാണ് പ്രവര്‍ത്തകരും ഒരു വിഭാഗം നേതാക്കളും ആരോപിക്കുന്നത്. സ്ഥാനാര്‍ഥിയാകാന്‍ യോജിച്ച ആരെയും കോണ്‍ഗ്രസിന് കണ്ടത്തൊനായില്ളെന്നാണ് നേതാക്കളുടെ വിശദീകരണം. എന്നാല്‍, ഈ വാര്‍ഡില്‍ നിന്ന് പത്രിക നല്‍കാന്‍ മറന്നുപോയതാണെന്നും കുറ്റപ്പെടുത്തുന്നു.
കോണ്‍ഗ്രസ് മത്സരിപ്പിക്കുന്ന പല സ്ഥാനാര്‍ഥികള്‍ക്കെതിരെയും വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 30ാം വാര്‍ഡായ തെക്കന്‍ ചിറ്റഞ്ഞൂരില്‍ കോണ്‍ഗ്രസ് നേതാവിന്‍െറ മകന്‍ വിമതനായും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് ബ്ളോക് സെക്രട്ടറിയും കാര്‍ഷിക കാര്‍ഷികേതര സഹകരണ സംഘം ഡയറക്ടറുമായ പി. ഉണ്ണിനായരുടെ മകനും സ്വതന്ത്രനായി മത്സര രംഗത്തുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകളാണ് തര്‍ക്കങ്ങള്‍ക്കും വിമത സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങാനും ഇടയാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.