മട്ടന്നൂർ: തെരഞ്ഞെടുപ്പ് ജനവിധി എൽ.ഡി.എഫ് പ്രതീക്ഷിച്ച അത്രയും അനുകൂലമായില്ലെന്ന് സി.പി.എം നേതാവ് കെ.കെ. ശൈലജ എം.എൽ.എ. കേരളത്തിന്റെ വികസനത്തിനും ക്ഷേമത്തിനും മതേതര സമൂഹത്തിന്റെ നിലനില്പിനും ഇടതുപക്ഷം അനിവാര്യമാണെന്ന് ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും അവർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘ജനങ്ങൾക്ക് വേണ്ടി എൽ.ഡി.എഫ് നടത്തുന്ന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ട് എന്നും ജനങ്ങളോടൊപ്പമുണ്ടാകും. എൽ.ഡി.എഫിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ. വിജയികൾക്ക് അനുമോദനങ്ങൾ’ -ശൈലജ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ‘സംസ്ഥാനത്ത് മുഴുവൻ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകും’ -മുഖ്യമന്ത്രി വ്യക്തമാക്കി.
തലസ്ഥാന നഗരത്തിൽ എൻ.ഡി.എക്ക് മേൽക്കൈ നേടാനായതും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാത്തരം വർഗീയതക്കും എതിരായ പോരാട്ടം കൂടുതൽ ശക്തമായി തുടരേണ്ടതിന്റെ ആവശ്യകതക്കും ഈ ഫലം അടിവരയിടുന്നുണ്ട്. അത്തരം എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച് ജനങ്ങളുടെ ആകെ പിന്തുണ ആർജിച്ചു മുന്നോട്ടു പോകാനുള്ള ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും ഇടതുപക്ഷ മുന്നണി വരും നാളുകളിൽ കടക്കും.
എൽ.ഡി.എഫിന്റെ അടിത്തറ കൂടുതൽ ഭദ്രമാക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻറെ വികസന-ജനക്ഷേമ പദ്ധതികൾക്കുള്ള ജന പിന്തുണ വർധിപ്പിക്കാനും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.