ഇടത് കോട്ട: പുതിയ വോട്ടര്‍മാരില്‍ യു.ഡി.എഫിന് പ്രതീക്ഷ

ചെറുവത്തൂര്‍: ജില്ലാ പഞ്ചായത്തിന്‍െറ ചെറുവത്തൂര്‍ ഡിവിഷനില്‍ ഇക്കുറി പോരാട്ടം ശക്തമാകും. സി.പി.എമ്മിലെ പി.സി. സുബൈദ, മുസ്ലിംലീഗിലെ അക്സാന അഷ്റഫ്, ബി.ജെ.പിയിലെ എന്‍. ശൈലജ എന്നിവരാണ് ചെറുവത്തൂരിനുവേണ്ടി പോരാട്ടത്തിനൊരുങ്ങിയത്. ചെറുവത്തൂര്‍ പഞ്ചായത്തിലെ 17 വാര്‍ഡുകള്‍, കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 16 എന്നീ വാര്‍ഡുകള്‍, വലിയപറമ്പ് പഞ്ചായത്തിലെ 13 വാര്‍ഡുകള്‍ എന്നിവ അടങ്ങുന്നതാണ് ജില്ലാ പഞ്ചായത്ത് ചെറുവത്തൂര്‍ ഡിവിഷന്‍.

സ്ഥാനാര്‍ഥിത്വം ഉറപ്പായതുമുതല്‍ വോട്ട് തേടി ജനങ്ങളിലേക്കിറങ്ങിയെന്നതാണ്  മൂന്ന് സ്ഥാനാര്‍ഥികളുടെയും പ്രത്യേകത. ഇടതിനോട് ചേര്‍ന്ന ഈ ഡിവിഷനില്‍ പുതിയ വോട്ടര്‍മാരിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രതീക്ഷ. എന്നാല്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് പാര്‍ട്ടികള്‍ക്കിടയിലെ പ്രശ്നങ്ങളും പുതുതലമുറയുടെ അരാഷ്ട്രീയ ബോധവും തങ്ങള്‍ക്ക് അനുകൂലമാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി നേതൃത്വം.കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ വോട്ടുകള്‍ കിട്ടിയാല്‍തന്നെ തങ്ങളുടെ വിജയം സുനിശ്ചിതമാണെന്ന് എല്‍.ഡി.എഫ് പറയുന്നു. നിരവധി സംഘടനകളുടെ നേതൃസ്ഥാനം അലങ്കരിച്ച പി.സി. സുബൈദയുടെ വിജയം എല്‍.ഡി.എഫ് നേതൃത്വം തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞു. 

കുടുംബശ്രീ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിന്‍െറ ഹരിശ്രീ കുറിച്ച സുബൈദ നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ ജോയന്‍റ് സെക്രട്ടറി, ചെറുവത്തൂര്‍ ഏരിയാ പ്രസിഡന്‍റ്, പടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, സി.പി.എം ചെറുവത്തൂര്‍ ഏരിയാ കമ്മിറ്റി അംഗം, എന്‍.ആര്‍.ഇ.ജി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ സേവനം ചെയ്തുവരുന്നു. ലീഗിലെ അക്സാന അഷ്റഫ് രാഷ്ട്രീയത്തില്‍ തുടക്കക്കാരിയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സമവായത്തിലൂടെ പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്നാണ് കന്നിയങ്കത്തിന് അക്സാനക്ക് നറുക്ക് വീണത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.