അവസാന നിമിഷം സ്ഥാനാര്‍ഥി മാറി; എന്‍.സി.പിയില്‍ പേമെന്‍റ് സീറ്റ് വിവാദം

ആലുവ/പുക്കാട്ടുപടി: വാഴക്കുളം ബ്ളോക് പഞ്ചായത്ത് ഗാന്ധിനഗര്‍ ഡിവിഷനില്‍ അവസാന നിമിഷം സ്ഥാനാര്‍ഥികളുടെ മറിമായം. എന്‍.സി.പിക്ക് നല്‍കിയ സീറ്റിലാണ് അവസാന നിമിഷം പുതിയൊരവകാശി എത്തിയത്. എന്‍.സി.പി ജില്ലാ നിര്‍വാഹക സമിതിയംഗം ടി.കെ. യൂസഫ് ഇവിടെ സ്ഥാനാര്‍ഥിയായി പ്രചാരണം ആരംഭിച്ചിരുന്നു. എന്നാല്‍, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ശനിയാഴ്ച ടി.കെ. യൂസഫിന് പാര്‍ട്ടി ചിഹ്നം അനുവദിക്കില്ളെന്ന് ജില്ലാ പ്രസിഡന്‍റ് ടി.പി. അബ്ദുല്‍ അസീസ് അറിയിച്ചു.

യൂസഫിന് പകരം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അബ്ദുല്‍ ഖാദറിനാണ് എന്‍.സി.പിയുടെ പിന്തുണ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ചിഹ്നമായ ക്ളോക് നേരത്തേ യൂസഫിന് നല്‍കണമെന്ന് അബ്ദുല്‍ അസീസ് കത്തിലൂടെ വരണാധികാരിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യൂസഫിന് ക്ളോക് ചിഹ്നം അനുവദിക്കേണ്ടെന്നാണ് വരണാധികാരിയോട് അഭ്യര്‍ഥിച്ചിരിക്കുന്നത്.

എന്നാല്‍, അവസാന നിമിഷം സ്ഥാനാര്‍ഥിത്വത്തിലുണ്ടായ ഈ കൂടുമാറ്റം എല്‍.ഡി.എഫ് ക്യാമ്പില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ എടത്തല പഞ്ചായത്ത് സ്വതന്ത്രാംഗമായ ആളുടെ അവസാന നിമിഷത്തിലെ സ്ഥാനാര്‍ഥിത്വം എങ്ങനെ പാര്‍ട്ടി അണികള്‍ ഉള്‍ക്കൊള്ളുമെന്ന ആശങ്കയിലാണ് എല്‍.ഡി.എഫ്. എന്‍.സി.പിയുടെ പേമെന്‍റ് സ്ഥാനാര്‍ഥിയാണ് ഇപ്പോള്‍ മത്സരരംഗത്ത് ഉള്ളതെന്ന് യു.ഡി.എഫ് നേതാക്കളും ആരോപിച്ചു. വാഴക്കുളം ബ്ളോക്കിലെ ഗാന്ധിനഗര്‍ ഡിവിഷനിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ വെച്ചുമാറല്‍, വഞ്ചനക്ക് കൂട്ടുനില്‍ക്കലാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സന്തോഷ് കുമാര്‍ ആരോപിച്ചു. ഇടതുമുന്നണി ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.