ഒരു വാര്‍ഡില്‍ ഇടതുമുന്നണിക്ക് സ്ഥാനാര്‍ഥികള്‍ രണ്ട്

നെടുമങ്ങാട്: നഗരസഭയിലെ കൊറളിയോട് വാര്‍ഡില്‍ ഇടതുമുന്നണിക്ക് രണ്ട് സ്ഥാനാര്‍ഥികള്‍. ഇവിടെ സി.പി.എം സി.പി.ഐ സ്ഥാനാര്‍ഥികള്‍ ഒരു മുന്നണിയുടെ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നു. അടുത്തിടെ സി.പി.ഐ വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന കൗണ്‍സിലര്‍ എന്‍.ആര്‍. ബൈജുവാണ് സി.പി.എം സ്ഥാനാര്‍ഥി. ബൈജുവിന് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നവും നല്‍കി. സി.പി.ഐ സ്ഥാനാര്‍ഥി മല്ലമ്പറക്കോണം വിജയന് അരിവാള്‍ നെല്‍ക്കതിരാണ് ചിഹ്നം. നഗരസഭയില്‍ സീറ്റ് വിഭജനത്തില്‍ ഇരുപാര്‍ട്ടിയിലും നിലനിന്ന തര്‍ക്കങ്ങള്‍ ജില്ലാ തലത്തില്‍ പരിഹരിച്ചെങ്കിലും നഗരസഭയില്‍ പ്രാവര്‍ത്തികമായില്ല. കഴിഞ്ഞതവണ സി.പി.ഐ 10 വാര്‍ഡിലാണ് മത്സരിച്ചത്. ഇക്കുറി സീറ്റ് വിഭജനം വന്നപ്പോള്‍ സി.പി.ഐ മത്സരിച്ചിരുന്ന കൊറളിയോട്, പേരയത്തുകോണം വാര്‍ഡുകള്‍

സി.പി.എം ഏറ്റെടുത്തു. ഇതോടെ സി.പി.ഐക്ക് എട്ട് വാര്‍ഡുകളായി ചുരുങ്ങി. ഇതില്‍ കൊറളിയോട് വാര്‍ഡില്‍ അടുത്തിടെ സി.പി.ഐ വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന എന്‍.ആര്‍. ബൈജുവിനെ സ്ഥാനാര്‍ഥികൂടിയാക്കിയതോടെ സി.പി.ഐ പ്രതിഷേധവുമായി രംഗത്തുവന്നു. സി.പി.ഐയുമായി പിണങ്ങിനിന്ന എന്‍.ആര്‍. ബൈജുവിനെ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് അടുത്തിടെ സി.പി.എം തങ്ങളുടെ ചേരിയിലേക്ക് കൊണ്ടുവന്നത്. കൊറളിയോട് വാര്‍ഡ് ബൈജുവിന് നല്‍കുകയും ചെയ്തു. എന്നാല്‍, വര്‍ഷങ്ങളായി സി.പി.ഐ മത്സരിക്കുന്ന വാര്‍ഡില്‍ ഇക്കുറിയും അവര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.

തര്‍ക്കങ്ങള്‍ ജില്ലാ തലത്തില്‍ പരിഹരിച്ചെങ്കിലും ഇരുപാര്‍ട്ടിയും സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ കൂട്ടാക്കിയില്ല. കോണ്‍ഗ്രസിലെ ക്രിസ്തുദാസാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. മത്സരിച്ചാണ് സി.പി.എം, സി.പി.ഐ കക്ഷികള്‍ വാര്‍ഡിന്‍െറ മുഴുവന്‍ ഭാഗത്തും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. നിരവധി തവണ വോട്ടര്‍മാരെ കണ്ട് വോട്ട് അഭ്യര്‍ഥനയും നടത്തിക്കഴിഞ്ഞു. രണ്ടുപേരുടെയും ബോര്‍ഡുകളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.