ന്യൂദൽഹി: കേബ്ൾ ടി.വി വിതരണ മേഖലയിലെ കുത്തക നിയന്ത്രിക്കുമെന്ന് കേന്ദ്ര വാ൪ത്താവിതരണ മന്ത്രി മനീഷ് തിവാരി. ദൽഹിയിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയന്ത്രണം ഏ൪പ്പെടുത്തുന്നതിനുള്ള ഫലപ്രദമായ മാ൪ഗങ്ങൾ നി൪ദേശിക്കാൻ ടെലികേം റെഗുലേറ്ററി അതോറിറ്റിയോട് (ട്രായ്) ആവശ്യപ്പെട്ടിട്ടുണ്ട്. കേബ്ൾ ടി.വി ശൃംഖലയും ഡി.ടി.എച്ചും ചില കമ്പനികൾ മാത്രം കുത്തകയാക്കുന്നത് അഭിലഷണീയമല്ല.
കുത്തകവത്കരണത്തിലൂടെ പ്രേക്ഷകരുടെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിൻെറ നിഷേധമാണ് നടക്കുന്നത്. വൻ നഗരങ്ങളിൽ നടപ്പാക്കിയ കേബ്ൾ ടി.വി ഡിജിറ്റലൈസേഷൻ മറ്റിടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നതിനൊപ്പം കുത്തക നിയന്ത്രണത്തിനുള്ള നടപടികളുമുണ്ടാകും. ജനങ്ങൾക്ക് വേണ്ടത് കാണാനുള്ള അവകാശം സംരക്ഷിക്കാൻ സ൪ക്കാറിന് ബാധ്യതയും അധികാരവുമുണ്ടെന്നും മന്ത്രി തുട൪ന്നു.
അതേസമയം, സംസ്ഥാന സ൪ക്കാറുകൾക്കും രാഷ്ട്രീയ പാ൪ട്ടികൾക്കും നേരിട്ട് ചാനൽ തുടങ്ങാനാവില്ലെന്ന് മന്ത്രിയോടൊപ്പമുണ്ടായിരുന്ന വാ൪ത്താവിതരണ വകുപ്പ് സെക്രട്ടറി ഉദയകുമാ൪ വ൪മ വ്യക്തമാക്കി. പുതിയ ടി.വി ചാനൽ തുടങ്ങാനുള്ള കേരള സ൪ക്കാറിൻെറ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള നിയമമനുസരിച്ചാണ് ഈ നിബന്ധന.
ചാനൽ തുടങ്ങാൻ നടപടികൾ തുടങ്ങിയ യു.ഡി.എഫ് സ൪ക്കാ൪ അതിൻെറ ചുമതലക്കാരനായി മുതി൪ന്ന മാധ്യമപ്രവ൪ത്തകൻ സണ്ണിക്കുട്ടി എബ്രഹാമിനെ ഈയിടെ നിയമിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.