ശ്രീകണ്ഠപുരം: കേരള-ക൪ണാടക അതി൪ത്തിയിലെ പ്രധാന ടൂറിസം കേന്ദ്രമായിട്ടും വൈതൽമലക്ക് അവഗണന. നോക്കെത്താദൂരത്തെ കാഴ്ചകൾ സമ്മാനിക്കുന്ന വൈതലിന് സഞ്ചാരികളെ ആക൪ഷിക്കാനുള്ള പ്രകൃതിഭംഗിയുണ്ടായിട്ടും പുതിയ ടൂറിസം പദ്ധതികൾ ഇവിടെ അന്യമാണ്. അത്യപൂ൪വ വനസമ്പത്തും ഔധസസ്യങ്ങളും വറ്റാത്ത നീരുറവകളും വന്യജീവികളും വൈതലിലുണ്ട്. വൈതൽമലയിൽ ട്രക്കിങ്ങിനുൾപ്പെടെ സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനമുണ്ടായിട്ടും അതൊന്നും നടന്നില്ല.
ജില്ലയിലും പുറത്തുനിന്നുമായി ഒട്ടേറെ സഞ്ചാരികൾ അത്യപൂ൪വ പ്രകൃതിഭംഗി നുകരാൻ വൈതലിൽ എത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യമില്ലാത്തത് ദുരിതമാകുന്നു. ലക്ഷങ്ങൾ തുലച്ച് ടൂറിസം വകുപ്പ് കേന്ദ്ര സ൪ക്കാ൪ ഫണ്ടുപയോഗിച്ച് പണിത ടൂറിസം കോംപ്ളക്സ് ഉദ്ഘാടനം ചെയ്ത് വ൪ഷങ്ങൾ കഴിഞ്ഞിട്ടും തുറന്നിട്ടില്ല. കുടിവെള്ളവും വൈദ്യുതിയും ലഭ്യമാകാത്തതിനാലാണ് കോംപ്ളക്സ് തുറക്കാതിരിക്കാൻ കാരണം. അതേസമയം, വൈതൽ താഴ്വരയിൽ നിരവധി സ്വകാര്യ റിസോ൪ട്ടുകൾ പ്രവ൪ത്തിക്കുന്നുണ്ട്.
സ്വകാര്യ റിസോ൪ട്ടുകളെ സഹായിക്കാൻ ടൂറിസം വകുപ്പ് സ൪ക്കാ൪ റിസോ൪ട്ട് തുറക്കാതിരിക്കുകയാണെന്നാണ് ആക്ഷേപം. വൈതൽമലയിലെത്തുന്ന സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങളൊന്നും ലഭ്യമല്ല.
സംരക്ഷണവും ഉറപ്പാക്കാൻ നടപടിയില്ല. രാപകൽ ഭേദമന്യേ മദ്യപ-സാമൂഹികവിരുദ്ധ സംഘങ്ങൾ വൈതൽമല കൈയടക്കുകയാണ്. കുപ്പികളും പ്ളാസ്റ്റിക്കുകളും മറ്റും വലിച്ചെറിയുന്നത് തടയാനും നടപടിയുണ്ടാവുന്നില്ല.
യു.ഡി.എഫ് സ൪ക്കാ൪ അധികാരത്തിലേറുംമുമ്പ് വൈതലിന് പ്രഖ്യാപിച്ച പദ്ധതികളൊന്നുപോലും യാഥാ൪ഥ്യമായിട്ടില്ല. റോഡ് വികസനംപോലും ജലരേഖയായി. സ്വകാര്യ ലോബികൾ വൈതൽ താഴ്വരയിലെ ഭൂമി കൈയടക്കിയതും വ്യാപകമായി കുഴൽക്കിണറുകൾ കുഴിച്ചതും വൈതൽമലക്ക് ഒട്ടേറെ പരിസ്ഥിതി പ്രശ്നമാണുണ്ടാക്കുന്നത്. ടൂറിസം വകുപ്പിൻെറ കെടുകാര്യസ്ഥത തുട൪ന്നാൽ സഞ്ചാരികളുടെ പറുദീസയായ വൈതൽമല പ്രകൃതിചൂഷണത്തിൻെറയും അവഗണനയുടെയും കേന്ദ്രമായി മാറിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.