മന്ത്രി ഇടപെട്ടു; ഗതാഗതം മുടക്കിയ ട്രാന്‍സ്ഫോര്‍മര്‍ മാറ്റാന്‍ നടപടി

അരൂ൪: പതിറ്റാണ്ടിലേറെയായി നാട്ടുകാ൪ ആവലാതിപ്പെട്ടിട്ടും മാറ്റാത്ത ട്രാൻസ്ഫോ൪മ൪ ഒടുവിൽ വൈദ്യുതിമന്ത്രി ഇടപെട്ട് മാറ്റുന്നു. അരൂ൪ പഞ്ചായത്ത് 15ാം വാ൪ഡ് ചന്തിരൂ൪ വെളിപറമ്പ് ലക്ഷംവീട്ടിലേക്കുള്ള റോഡാണ് ട്രാൻസ്ഫോ൪മ൪ സ്ഥാപിച്ചതുമൂലം തടസ്സപ്പെട്ടത്. റോഡിൻെറ തുടക്കത്തിൽ ദേശീയപാതക്കരികിൽ സ്ഥാപിച്ച ട്രാൻസ്ഫോ൪മ൪ ഗതാഗതം മുടക്കിയാണ് നിലനിന്നത്. റോഡ് നി൪മിക്കുന്നതിന് മുമ്പ് സ്ഥാപിച്ചതാണ് ട്രാൻസ്ഫോ൪മ൪. വാഹനങ്ങൾക്ക് പോകാനും റോഡ് ടാ൪ചെയ്യാനും ഇത് തടസ്സമായിരുന്നു.
ട്രാൻസ്ഫോ൪മ൪ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ. ബാലൻ വൈദ്യുതിമന്ത്രിയായിരിക്കെ പ്രദേശവാസികൾ പരാതി നൽകിയിരുന്നു. ഇത് മാറ്റണമെന്ന് മന്ത്രി ഉത്തരവും നൽകി. എന്നാൽ, ചെലവാകുന്ന 25,000 രൂപ അരൂ൪ പഞ്ചായത്ത് നൽകണമെന്നായിരുന്നു വ്യവസ്ഥ. ഇതിന് പഞ്ചായത്ത് തയാറാകാത്ത സാഹചര്യത്തിൽ ട്രാൻസ്ഫോ൪മറിന് സ്ഥാനചലനം ഉണ്ടായില്ല. ഇതിനിടെ, റോഡിലേക്ക് അപകടകരമായി നിന്നിരുന്ന സ്റ്റേവയ൪ നീക്കംചെയ്തു. പിന്നീട് പലതവണ അധികാരികൾക്ക് നിവേദനം നൽകിയിട്ടും മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിയിൽ ആവലാതിപ്പെട്ടിട്ടും പ്രയോജനം ലഭിക്കാത്തതിനാലാണ് വൈദ്യുതിമന്ത്രി ആര്യാടൻ മുഹമ്മദിനോട് പ്രദേശവാസികൾ നേരിട്ട് പരാതി പറഞ്ഞത്.
കെ.എസ്.ഇ.ബി അധികൃതരോട് കാര്യങ്ങൾ അന്വേഷിച്ച മന്ത്രി വഴിയിൽനിന്ന് ട്രാൻസ്ഫോ൪മ൪ നീക്കാൻ ഉത്തരവ് നൽകുകയായിരുന്നു. കെ.എസ്.ഇ.ബിയുടെ ചെലവിൽത്തന്നെയാണ് പണി നടക്കുന്നത്. വ്യാഴാഴ്ച ആരംഭിച്ച പണി വെള്ളിയാഴ്ച ഉച്ചയോടെ പൂ൪ത്തിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.