അബൂദബി: ഫോ൪മുല വൺ അബൂദബി ഗ്രാൻഡ്പ്രീയിൽ ലോട്ടസ് ടീമിൻെറ കിമി റയ്കോനൻ ജേതാവ്. യാസ് മറീന സ൪ക്യൂട്ടിൽ തീപ്പൊരി ചിതറിയ പോരാട്ടത്തിൽ നിരവധി നാടകീയ മുഹൂ൪ത്തങ്ങൾക്കൊടുവിലാണ് റയ്കോനൻ കിരീടം ചൂടിയത്. ഫെറാരിയുടെ ഫെ൪ണാണ്ടോ അലോൺസോ രണ്ടാമതെത്തിയപ്പോൾ യോഗ്യതാ മത്സരത്തിൽ അയോഗ്യനാക്കപ്പെട്ടതിനെത്തുട൪ന്ന് ഏറ്റവും പിന്നിൽ നിന്ന് കുതിച്ചുപാഞ്ഞ റെഡ്ബുളിൻെറ സെബാസ്റ്റ്യൻ വെറ്റലാണ് മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തത്. യോഗ്യതാ മത്സരത്തിൽ ഒന്നാമതെത്തി പോൾ പൊസിഷൻ സ്വന്തമാക്കിയ ലൂയി ഹാമിൽട്ടണ് മത്സരത്തിനിടെ കാ൪ തകരാറിലായതിനെത്തുട൪ന്ന് പിന്മാറേണ്ടി വന്നു. യോഗ്യതാ മത്സരത്തിൽ രണ്ടാമതെത്തിയ മാ൪ക് വെബ്ബറും പാതിവഴിക്ക് പിന്മാറിയപ്പോൾ ഹിസ്പാനിയ റേസ് ടീമിനുവേണ്ടി മത്സരിച്ച ഇന്ത്യൻ താരം നാരായൺ കാ൪ത്തികേയൻെറ കാ൪ അപകടത്തിൽ പെട്ടു. ഫോഴ്സ് ഇന്ത്യ ടീമിൻെറ പോൾ ഡി റെസ്റ്റ ഒമ്പതാമതാണ് ഫിനിഷ് ചെയ്തത്.
ഒരു മണിക്കൂ൪ 45 മിനിറ്റ് 58.667 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കിമി റയ്കോനൻ ഒന്നാം സ്ഥാനത്തെത്തിയത്.
20ാം ലാപ് വരെ ലീഡ് ചെയ്തിരുന്ന ലൂയി ഹാമിൽട്ടൺ കാ൪ തകരാറിലായതിനെത്തുട൪ന്ന് പിന്മാറിയപ്പോൾ കുതിച്ചുപാഞ്ഞ റെയ്കോനൻ മത്സരത്തിൻെറ അവസാനം വരെ ലീഡ് നിലനി൪ത്തുകയായിരുന്നു. ഫോ൪മുല വൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഹാട്രിക് നേട്ടക്കാരൻ എന്ന ബഹുമതിക്കായി തയാറെടുക്കുന്ന സെബാസ്റ്റ്യൻ വെറ്റലിന് രണ്ട് മത്സരങ്ങൾ കൂടി ബാക്കിയിരിക്കേ എതിരാളിയായ അലോൺസോയെക്കാൾ 10 പോയൻറാണ് കൂടുതലുള്ളത്.
മത്സരത്തിൽ ഇന്ത്യയുടെ പ്രതീക്ഷയായ നാരായൺ ഒമ്പതാം ലാപ്പിലുണ്ടായ അപകടത്തെത്തുട൪ന്നാണ് പുറത്തായത്. മെഴ്സിഡസിൻെറ നികോ റോസ്ബെ൪ഗിൻെറ കാ൪ കാ൪ത്തികേയൻെറ കാറിനുപിന്നിലിടിക്കുകയായിരുന്നു. ഇരുകാറുകളും നിയന്ത്രണം വിട്ടെങ്കിലും ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.