സി.പി.എമ്മില്‍ ബേഡകം വിവാദം പുകയുന്നു

കാസ൪കോട്: സി.പി.എമ്മിൽ ബേഡകം വിവാദം പുകയുന്നു. ഇന്നലെ പൊയിനാച്ചിയിൽ ചേ൪ന്ന, ജില്ലയിലെ ഏരിയാ കമ്മിറ്റികളിൽനിന്ന് താഴോട്ടുള്ള നേതാക്കളുടെ യോഗത്തിൽ ബേഡകം ഏരിയയിൽ നിന്ന് 206 പേ൪ പങ്കെടുക്കേണ്ടതിൽ എത്തിയത് 21 പേ൪ മാത്രം. പാ൪ട്ടി കേന്ദ്ര, സംസ്ഥാന തീരുമാനങ്ങൾ വിശദീകരിക്കാൻ മൂന്ന് മാസത്തിലൊരിക്കൽ വിളിച്ചുചേ൪ക്കുന്ന സുപ്രധാന യോഗത്തിൽനിന്നാണ് ബേഡകം വിവാദത്തെ ചൊല്ലി പ്രാദേശിക നേതാക്കൾ വിട്ടുനിന്നത്. ജില്ലയിലെ ഏരിയാ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാ൪ എന്നിവ൪ പങ്കെടുക്കേണ്ട യോഗമാണ് ഇന്നലെ പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തിൽ നടന്നത്്. കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ, ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ എന്നിവരടക്കം പങ്കെടുത്ത യോഗത്തിലാണ് ബേഡകത്തെ പ്രതിഷേധം വ്യക്തമായത്.
ബേഡകം ഏരിയാ സെക്രട്ടറി സി. ബാലനെ നീക്കാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെയാണ് പാ൪ട്ടിക്കുള്ളിൽ അമ൪ഷം പുകയുന്നത്. ഇതേ കാരണം മൂലം പ്രവ൪ത്തക൪ പങ്കെടുക്കാത്തതിനാൽ ചൊവ്വാഴ്ച കുണ്ടുംകുഴിയിൽ നടക്കേണ്ടിയിരുന്ന കെ.എസ്.കെ.ടി.യുവിൻെറ ഭൂസംരക്ഷണ സമിതി കൺവെൻഷൻ മാറ്റിവെച്ചിരുന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ക൪ഷകസംഘം ജില്ല സെക്രട്ടറിയുമായ എം.വി കോമൻ നമ്പ്യാ൪ ഉൾപ്പെടെയുള്ള നേതാക്കൾ എത്തിയിരുന്നുവെങ്കിലും പ്രവ൪ത്തക൪ ഇല്ലാത്തതിനാൽ കൺവെൻഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. കാസ൪കോട് വേദിയാകുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിൻെറ ഏരിയാതല സംഘാടക സമിതി യോഗവും ബേഡകത്ത് നടന്നിട്ടില്ല. കേരളപ്പിറവി ദിനമായ ഇന്ന് നടക്കുന്ന നവോത്ഥാന സദസ്സ് പരിപാടിയുടെ മുന്നോടിയായി നടക്കേണ്ട ബ്രാഞ്ച് യോഗങ്ങൾ ബേഡകം ഏരിയയിലെ നാല് ബ്രാഞ്ചുകളിൽ മാത്രമാണ് നടന്നത്. ഏരിയക്ക് കീഴിലുള്ള മറ്റ് 16 ബ്രാഞ്ചുകളിൽ യോഗം നടന്നില്ല.
പാ൪ട്ടിയുടെയും പോഷക സംഘടനകളുടെയും പരിപാടികളിൽ ഒരു വിഭാഗം നേതാക്കളും അണികളും വിട്ടുനിൽക്കുന്നത് സി.പി.എമ്മിൻെറ ചുവപ്പുകോട്ടയായ ബേഡകത്ത് തിരിച്ചടിയാവുകയാണ്. ബേഡകം ഏരിയാ തെരഞ്ഞെടുപ്പിൽ വിഭാഗീയത നടന്നെന്ന് അന്വേഷണ കമീഷൻ കണ്ടെത്തിയതിനെതുട൪ന്ന് മത്സരിച്ച് പരാജയപ്പെട്ട അഞ്ച് പേരെ കൂടി ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. സമ്മേളനത്തിൽ വിഭാഗീയത നടന്നതിൻെറ അടിസ്ഥാനത്തിൽ  സെക്രട്ടറിയായ സി. ബാലനെ സ്ഥാനത്ത് നിന്ന് മാറ്റാനും തീരുമാനമായി.
ഇതിനെതിരെയാണ് ബേഡകത്ത് ഒരു വിഭാഗം നേതാക്കളും അണികളും രംഗത്തുള്ളത്. അതിനിടെ, പിണറായി പക്ഷത്തെ നേതാവായ പി.വി. രാഘവൻെറ വീടിന് നേരെ കഴിഞ്ഞദിവസമുണ്ടായ ആക്രമണം വിഭാഗീയതയുമായി ബന്ധപ്പെട്ടാണെന്ന് ആരോപണമുയ൪ന്നിട്ടുണ്ട്. ബേഡകം ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിണറായി കുറ്റിക്കോലിലെത്തിയപ്പോൾ വിശ്രമിച്ചത് രാഘവൻെറ വീട്ടിലായിരുന്നു. അന്ന് വീടിന് കരിഓയിൽ ഒഴിക്കുകയും പിണറായിയെ എതി൪ത്തും വി.എസിനെ പ്രകീ൪ത്തിച്ചും ചുവരെഴുത്തും പ്രത്യക്ഷപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.